Kerala
സിസ തോമസിന് തത്കാലം തുടരാം; കെ.ടി.യു ഹരജിയിൽ സർക്കാരിന് തിരിച്ചടി, ഗവർണർക്ക് ആശ്വാസം
Kerala

'സിസ തോമസിന് തത്കാലം തുടരാം'; കെ.ടി.യു ഹരജിയിൽ സർക്കാരിന് തിരിച്ചടി, ഗവർണർക്ക് ആശ്വാസം

Web Desk
|
29 Nov 2022 11:20 AM GMT

സിസ തോമസിന്റെ യോഗ്യതയിൽ തർക്കമില്ലെന്നും അവർക്ക് സീനിയോരിറ്റി ഉണ്ടോ എന്നു മാത്രമാണ് ഇനി പരിശോധിക്കേണ്ടതും വിധിയിൽ ചൂണ്ടിക്കാട്ടി

കൊച്ചി: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലാ(കെ.ടി.യു) താത്ക്കാലിക വി.സി നിയമനത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി ഹൈക്കോടതി തള്ളി. താത്ക്കാലിക വി.സി സിസ തോമസിന് തുടരാമെന്ന് കോടതി അറിയിച്ചു. സ്ഥിരം വി.സിയെ വേഗം നിയമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആശ്വാസകരമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്.

ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയിൽ വിധിപറഞ്ഞത്. സിസ തോമസിന്റെ നിയമനം കുറഞ്ഞ കാലത്തേക്കുള്ളതായതിനാൽ അവർക്ക് സ്ഥാനത്ത് തുടരാമെന്ന് കോടതി അറിയിച്ചു. സിസ തോമസിന്റെ യോഗ്യതയിൽ തർക്കമില്ലെന്നും അവർക്ക് സീനിയോരിറ്റി ഉണ്ടോ എന്നു മാത്രമാണ് ഇനി പരിശോധിക്കേണ്ടതും വിധിയിൽ ചൂണ്ടിക്കാട്ടി. യു.ജി.സി മാനദണ്ഡപ്രകാരം സിസ തോമസിന്റെ യോഗ്യത വ്യക്തമായതാമെന്നും കോടതി അറിയിച്ചു.

രണ്ടാഴ്ചയ്ക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും നിർദേശമുണ്ട്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ സ്ഥിരം വി.സിയെ നിയമിക്കണം. രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റിയിലെ പ്രതിനിധികളെ തീരുമാനിക്കണമെന്നും വിധിയിൽ പറയുന്നു.

താത്ക്കാലിക വൈസ് ചാൻസലറുടെ ചുമതലയുള്ള സിസ തോമസ് സർവകലാശാലയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നില്ലെങ്കിൽ തൽസ്ഥാനത്തുനിന്ന് നീക്കാൻ ഉടനടി നടപടി കൈക്കൊള്ളാൻ ഗവർണർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. സർവകലാശാലയാണ് വി.സിക്കെതിരെ ഇത്തരമൊരു വാദം കോടതിയിൽ ഉന്നയിച്ചത്. ആരോപണം അന്വേഷിക്കണമെന്ന് കോടതി ചാൻസലർ കൂടിയായ ഗവർണറോട് ആവശ്യപ്പെട്ടു. ചാൻസലർക്കെതിരെ സർക്കാരിന് ഹരജി നൽകാമെന്ന വാദം നിലനിൽക്കുമെന്നും കോടതി അറിയിച്ചു.

വി.സിക്ക് യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന വാദം പ്രസക്തമാണ്. താൽക്കാലിക വി.സിക്കും വി.സിയുടെ അതേ യോഗ്യത വേണം. ആക്ടിങ് വി.സി എന്ന പദവിയില്ലെന്നും വിസിയുടെ പദവി മാത്രമാണുള്ളതെന്നും കോടതി വ്യക്തമാക്കി. യു.ജി.സി യോഗ്യത ഇല്ലാത്തവരെ വി.സിയായി നിയമിക്കാനാവില്ല. സർവകലാശാല നിയമനങ്ങളിൽ സർക്കാർ ഇടപെടലുകൾ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥനാണ്. താൽകാലിക വി.സിയായി നിയമിക്കാനാവില്ല. സർക്കാർ ശിപാർശ ദൗർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.

Summary: The Kerala High Court dismissed the plea filed by the state government against the appointment of interim VC of APJ Abdul Kalam Technical University (KTU). The court said that interim VC Ciza Thomas can continue in the position

Similar Posts