ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ നടപടികൾ വേഗത്തിലാക്കണം: ഡി.ജി.പി
|കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു
ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഡിജിപി അനിൽ കാന്തിന്റെ നിർദേശം. എ.ജിയോടാണ് ഡിജിപി അനിൽ കാന്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. കേസ് വിവരങ്ങളും അപ്പീൽ നൽകാനുള്ള ശിപാർശയും എ.ജിക്ക് കൈമാറി. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിലാണ് വിചാരണക്കോടതി ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്.
കന്യാസ്ത്രീയെ ബലാംത്സംഗം ചെയ്തെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. കോട്ടയം എസ് പിക്കാണ് നിയമോപദേശം ലഭിച്ചത്. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബു കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിയമോപദേശം കൈമാറിയിരുന്നു. കൂടാതെ കന്യാസ്ത്രീ നേരിട്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിൽ ഉറച്ചു നിന്നത് തുടർ നടപടികൾക്ക് ആക്കം കൂട്ടി. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകൻ ജോൺ എസ്.റാഫായിരിക്കും അപ്പീൽ നൽകുക. കന്യാസ്ത്രീയുടെ മൊഴി പോലും വിലക്കെടുക്കാതെയായിരുന്നു കോടതി ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്ന തീരുമാനത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടരും കന്യാസ്ത്രീയും ഉറച്ചു നിൽക്കുകയാണ്. വിഷയത്തിൽ സർക്കാരിന്റെ അനുമതി കൂടി ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് പൊലീസിന്റെയും കന്യാസ്ത്രീയുടെയും തീരുമാനം.