മധുവധക്കേസ്; മജിസ്റ്റീരിയൽ റിപ്പോർട്ട് ഹാജരാകുന്നതിൽ തീരുമാനം ഇന്നറിയാം
|മജിസ്‌ട്രേറ്റ് എം രമേശനെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ഹരജി കോടതി ഇന്ന് പരിഗണിക്കും
പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ മണ്ണാർക്കാട് മുൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം രമേശനെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ഹരജി എസ് സി- എസ് ടി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. മധു കൊല്ലപ്പെടുമ്പോൾ മജിസ്‌ട്രേറ്റായിരുന്ന എം രമേശൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് പ്രോസിക്യൂഷൻ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു മജിസ്റ്റീരിയൽ പൂർത്തിയാക്കിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിനെ വീണ്ടും വിസ്തരിക്കണമെന്ന ഹരജിയും കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, അട്ടപ്പാടി മധു വധക്കേസിൽ റിമാൻഡിലുള്ള പതിനൊന്ന് പ്രതികൾക്കും മണ്ണാര്‍ക്കാട് എസ്.സി. എസ്.ടി കോടതി ജാമ്യം അനുവദിച്ചിരുന്നു. സാക്ഷി വിസ്താരം കഴിഞ്ഞ സാഹചര്യത്തിൽ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മധുവിന്റെ അമ്മയും സഹോദരിയും ഉൾപ്പടെയുള്ള ബന്ധുക്കളെയും സാക്ഷികളെയും കാണാൻ പാടില്ലെന്ന് കോടതി ജാമ്യ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.