Kerala
നിയമന കോഴക്കേസ്: ഒന്നാം പ്രതി അഖിൽ സജീവിനെ കൻ്റോൺമെന്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala

നിയമന കോഴക്കേസ്: ഒന്നാം പ്രതി അഖിൽ സജീവിനെ കൻ്റോൺമെന്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Web Desk
|
13 Oct 2023 1:15 AM GMT

പൊലീസ് കസ്റ്റഡിയിലുള്ള മൂന്നാം പ്രതി റഈസ്, നാലാം പ്രതി ബാസിത് എന്നിവരോടൊപ്പമിരുത്തി അഖിൽ സജീവിനെ ചോദ്യം ചെയ്യും

തിരിവനന്തപുരം: നിയമന കോഴക്കേസിൽ ഒന്നാം പ്രതി അഖിൽ സജീവിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഇന്നലെത്തന്നെ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. അഖിൽ സജീവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ള മൂന്നാം പ്രതി റഈസ്, നാലാം പ്രതി ബാസിത് എന്നിവരോടൊപ്പമിരുത്തി അഖിൽ സജീവിനെ ചോദ്യം ചെയ്യും.

ഇതോടെ കേസിലെ ദുരൂഹതകൾ നീങ്ങുമെന്നും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് പൊലീസ്. കേസിൽ അഖിൽ സജീവിന്റെ പങ്കിനെക്കുറിച്ചുള്ള തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്. ഹരിദാസന്റെ കൈയിൽ നിന്നും 25,000 വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകളും പൊലീസിന്റെ കൈയിലുണ്ട്. ഇനി തെളിയാനുള്ളത് ഗൂഢാലോചനയിലെ ഇയാളുടെ പങ്കാണ്. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനെതിരെ നടന്നുവെന്ന് വിലയിരുത്തുന്ന ഗൂഡലോചനയിൽ അഖിലും ഭാഗമായെന്ന നിഗമനത്തിലാണ് പൊലീസ്.

നിയമനത്തട്ടിപ്പിൽ ആദ്യം ആരോപണം ഉന്നയിച്ച ഹരിദാസനെക്കൂടി പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ആദ്യം അഖിൽ സജീവിനെ കണ്ടിരുന്നെന്നും എന്നാൽ പിന്നീട് നേരിൽ കണ്ടിട്ടില്ലെന്നുമുള്ള ഹരിദാസന്റെ മൊഴിയിലെ വൈരുധ്യം കൂടി പൊലീസ് പരിശോധിക്കും. അഖിൽ സജീവ് അടക്കമുള്ള പ്രതികളുടെ മൊഴി ലഭിച്ച ശേഷം മാത്രമേ ഹരിദാസനെ പ്രതി ചേർക്കുന്നതിൽ അന്തിമ തീരുമാനമെടുക്കൂ.

Similar Posts