യോഗ്യത പരിഗണിക്കാതെ പ്രധാനാധ്യാപക നിയമനം; സർക്കാർ ഉത്തരവിന് സ്റ്റേ
|1700 ഓളം പ്രൈമറി സ്കൂളുകൾ പ്രധാനാധ്യാപകരില്ലാതെ തുടരും.
യോഗ്യത പരിഗണിക്കാതെ പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപക നിയമനം നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഇതോടെ 1700 ഓളം പ്രൈമറി സ്കൂളുകൾ പ്രധാനാധ്യാപകരില്ലാതെ തുടരും.
സ്കൂള്‍ തുറക്കാനിരിക്കെയാണ് പ്രധാനാധ്യാപക ക്ഷാമം പരിഹരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ തിരക്കിട്ട് നിയമനം നടത്തിയത്. യോഗ്യത പരിഗണിക്കാതെ താല്‍ക്കാലികമായി സ്ഥാനക്കയറ്റം നൽകാനായിരുന്നു ഉത്തരവ്. പ്രധാനാധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷ പാസായ അധ്യാപകർ ഇതിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്തു. ഇതോടെ ഉത്തരവും തുടർ നടപടികളും മൂന്നാഴ്ചത്തേക്ക് ട്രൈബ്യൂണൽ സ്റ്റേ ചെയ്യുകയായിരുന്നു.
12 വര്‍ഷത്തെ അധ്യാപന പരിചയത്തിന് പുറമെ യോഗ്യതാ പരീക്ഷ കൂടി പാസായവരെ മാത്രമെ പ്രധാനാധ്യാപകരായി നിയമിക്കാവൂ എന്നാണ് ചട്ടം. 50 വയസ്സ് കഴിഞ്ഞവര്‍ക്ക് യോഗ്യത പരീക്ഷ വേണ്ടെന്ന് സർക്കാർ ചട്ട ഭേദഗതി വരുത്തിയതാണ് നിയമ കുരുക്കിലേക്ക് നയിച്ചത്. പുതിയ ഉത്തരവിലും യോഗ്യത പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചതോടെ അതും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തടത്തു. നവംബര്‍ ഒന്നിന് സ്കൂൾ തുറക്കാനിരികെ പ്രധാനാധ്യാപകർ ഇല്ലാത്തത് സംസ്ഥാനത്തെ 1700 ഓളം പ്രൈമറി സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കും.