കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധം: ഹൈക്കോടതി
|ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്ന് നേരെത്തെ ഗവർണർ കോടതിയെ അറിയിച്ചിരുന്നു.
കണ്ണൂർ സർവകാലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച് ഓഗസ്റ്റ് 11 ന് രജിസ്ട്രാർ ഇൻ ചാർജ് ഇറക്കിയ ഉത്തരവ് ചട്ട വിരുദ്ധമെന്ന് ഡിവിഷൻ ബഞ്ച്. നിയമനം ചോദ്യം ചെയ്തുള്ള അപ്പീലിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം.
ഗവർണറുടെ നിലപാട് ശരിവെക്കുകയാണ് ഹൈക്കോടതി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് ആണെന്ന് നേരെത്തെ ഗവർണർ സത്യവാങ്മൂലം നൽകിയിരുന്നു. കണ്ണൂര്‍ വിസി നിയമനത്തിനൊപ്പം തന്നെ വിവാദത്തിലായതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ നിയമനവും.
വിവിധ വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരുന്നത് ചാൻസിലറായ ഗവര്‍ണ്ണറായിരുന്നു. അടുത്തിടെ 68 ബോര്‍ഡ് സ്റ്റഡീസില്‍ മൂന്ന് മാസം മുൻപ് സിൻഡിക്കേറ്റ് തന്നെ നേരിട്ട് നിയമനം നടത്തി. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളി. ഡിവിഷൻ ബഞ്ചില്‍ അപ്പീലെത്തിയപ്പോള്‍ കോടതി ഗവര്‍ണ്ണറുടെ അഭിപ്രായം തേടി. ഗവര്‍ണ്ണര്‍ പ്രത്യേക നിയമോപദേശകൻ വഴി കോടതിയില്‍ സത്യവാങ്മൂലം നൽകുകയായിരുന്നു.
ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്കും പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കും. ജനുവരി 17ന് വീണ്ടും കേസ് പരിഗണിക്കും.