Kerala
മുഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്‍റെ ഭാര്യയുടെ നിയമനം: ഗവർണർക്ക് പരാതി നൽകി
Kerala

മുഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്‍റെ ഭാര്യയുടെ നിയമനം: ഗവർണർക്ക് പരാതി നൽകി

ijas
|
11 July 2021 6:34 AM GMT

സർവകലാശാല സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ അധികചെലവിലാണ് നിയമനം.

മുഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്‍റെ ഭാര്യയെ കേരള സർവകലാശാല മലയാള മഹാനിഘണ്ടു വകുപ്പിന്‍റെ എഡിറ്ററായി നിയമിച്ചതിനെതിരെ ഗവർണർക്ക് പരാതി. സംസ്കൃത അധ്യാപിക പൂർണിമ മോഹനെ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ചത് യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് ആരോപണം. നടപടി റദ്ദാക്കാൻ ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ. മോഹനന്‍റെ ഭാര്യ ഡോ: പൂർണിമ മോഹനന്‍റെ നിയമനത്തിലാണ് വിവാദം. കഴിഞ്ഞ ദിവസമാണ് പൂർണിമ മോഹൻ മലയാള മഹാനിഘണ്ടു വകുപ്പിന്റെ മേധാവിയായി ചുമതലയേറ്റത്. മലയാളഭാഷയിൽ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും, 10 വർഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായ പൂർണിമ മോഹന് മലയാളഭാഷയിൽ പാണ്ഡിത്യമോ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളോയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്. ലെക്സിക്കൺ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസ്സറെ ചുമതലയിൽ നിന്ന് നീക്കിയാണ് നിയമനം നടത്തിയിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു.

സർവകലാശാല സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ അധികചെലവിലാണ് നിയമനം. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി നടന്നിരിക്കുന്ന നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്. കേരള സർവകലാശാലയിലെ മുതിർന്ന മലയാളം പ്രൊഫസർമാരെ ഒഴിവാക്കി ഒരു സംസ്കൃത അധ്യാപികയെ മലയാള നിഘണ്ടു എഡിറ്ററുടെ ഉന്നത തസ്തികയിൽ നിയമിച്ചതിൽ മലയാളം പ്രൊഫസ്സർമാർക്കിടയിലും അമർഷമുണ്ട് .

Similar Posts