സർവകലാശാല വി.സി നിയമനം; വീണ്ടും സർക്കാർ- ഗവർണർ പോര്
|സാങ്കേതിക സർവകലാശാലയിൽ സർക്കാർ പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോര്. ഗവർണറെ മറികടന്ന് സാങ്കേതിക സർവകലാശാലയിൽ സർക്കാർ പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് കമ്മിറ്റി രൂപീകരണം.
ഏതാനും ദിവസം മുൻപ് ആണ് കെ.ടി.യു അടക്കം സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ ഗവർണർ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു കമ്മിറ്റി രൂപീകരണം. ഈ നീക്കത്തിന് ഒരു തിരിച്ചടിയെന്നോണം ആണ് സാങ്കേതിക സർവകലാശാലയിൽ സർക്കാർ പുതിയ സർച്ച് കമ്മിറ്റി രൂപീകരിച്ചത്.
ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച സർവകലാശാല ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് പുതിയ കമ്മിറ്റി. കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു. മുൻകുസാറ്റ് വി.സി ഡോ. കെ.എൻ മധുസൂധനനെ യൂണിവേഴ്സിറ്റി പ്രതിനിധിയാക്കിയപ്പോൾ മദ്രാസ് ഐ.ഐ.ടിയിൽ നിന്നുള്ള ഡോ. പ്രദീപിനെ ഹയർ എഡ്യൂക്കേഷൻ കൗൺസിൽ നോമിനിയാക്കി.
ഗവർണറുടെ കമ്മിറ്റിയിൽ ഉള്ള ക്ഷിതി ഭൂഷൻ ദാസ് തന്നെയാണ് യു.ജി.സി പ്രതിനിധി ആയിട്ടുള്ളത്. കുസാറ്റ് വി.സിയുടെ ചുമതല വഹിക്കുന്ന പി.ജി ശങ്കരൻ, മുൻ എം.ജി വി.സി സാബു തോമസ് എന്നിവരെ സർക്കാർ നോമിനികളായും പട്ടികയിൽ ഉൾപ്പെടുത്തി. ഒരു സർവകലാശാലയിൽ രണ്ടു സെർച്ച് കമ്മിറ്റികൾ ഉണ്ടാകുമ്പോൾ അത് വീണ്ടുമൊരു തർക്കത്തിലേക്ക് തന്നെ കാര്യങ്ങളെ നയിക്കും. ഗവർണറുടെ കമ്മിറ്റികൾക്കെതിരെ നിയമപരമായി നീങ്ങുന്ന സർക്കാർ മറ്റു സർവകലാശാലകളുടെ കാര്യത്തിലും ഇതേ നിലപാട് തന്നെ സ്വീകരിക്കാനാണ് സാധ്യത.