Kerala
വിസി നിയമനം; മന്ത്രി ആർ. ബിന്ദുവിന്റെ കത്തിൽ ശിപാർശയില്ലെന്ന് ലോകായുക്ത
Kerala

വിസി നിയമനം; മന്ത്രി ആർ. ബിന്ദുവിന്റെ കത്തിൽ ശിപാർശയില്ലെന്ന് ലോകായുക്ത

Web Desk
|
1 Feb 2022 12:56 PM GMT

വിസിയുടെ പേര് നിർദേശിക്കാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചു

കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ കത്തിൽ ശിപാർശ ഇല്ലെന്നും നിർദേശം മാത്രമേയുള്ളുവെന്നും ലോകായുക്ത. വിസി നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തിയ മന്ത്രിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ പ്രതികരണം. വിസിയെ നിയമിക്കുന്നതിൽ സമ്മർദം ഉണ്ടെങ്കിൽ പുനർനിയമനം ഗവർണർ അംഗീകരിച്ചതെന്തിനെന്ന് ഉപലോകായുക്ത ചോദിച്ചു.

മന്ത്രി ആർ. ബിന്ദുവിന്റെ കത്തിൽ ഒരിടത്തും റെക്കമെന്റ് എന്നില്ല പ്രൊപ്പോസ് എന്നെ ഉളളൂ, പ്രൊപോസൽ തള്ളുകയോ കൊള്ളുകയോ ചെയ്യാം, ലോകായുക്ത വ്യക്തമാക്കി. വിസി നിയമനത്തിൽ പുതിയതായി എന്താണ് കോടതിക്ക് അന്വേഷിക്കാൻ ഉള്ളതെന്നും ലോകായുക്ത ചോദിച്ചു.അതേസമയം വിസിയുടെ പേര് നിർദേശിക്കാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്നും സർക്കാർ ലോകായുക്തയെ അറിയിച്ചു. ഇതു സംബന്ധിച്ച് വിസിയുടെ പേര് നിർദേശിക്കാനുണ്ടോയെന്ന് ചോദിച്ച്‌ ഗവർണർ സർക്കാരിനയച്ച കത്ത് ലോകായുക്തയിൽ ഹാജരാക്കി. ഇതിന് മറുപടിയായാണ് മന്ത്രി പേര് നിർദ്ദേശിച്ചതെന്നും സർക്കാർ ലോകായുക്തയിൽ വ്യക്തമാക്കുകയാണുണ്ടായത്.

ഹരജിക്കാരൻ മുൻ പ്രതിപക്ഷ നേതാവാണ്, ആയതിനാൽ ഹർജിക്കാരന്റെ രാഷ്ട്രീയം നോക്കിയാവണം ലോകായുക്ത നടപടി സ്വീകരിക്കേണ്ടത്, ഹരജിക്കാരനെതിരെ സർക്കാർ തുറന്നടിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരായ കേസ് ഈ മാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് വാദം കേൾക്കുമെന്നും ലോകായുക്ത അറിയിച്ചു. അതിനു മുമ്പ് ലോകായുക്തയെ അപ്രസക്തമാക്കുന്ന ഓർഡിനൻസ് പാസാകുമോയെന്നും സർക്കാരിനോട് ലോകായുക്ത ചോദിച്ചു.

വി.സിയുടെ പുനർനിയമനം ആവശ്യപ്പെട്ട് കത്തെഴുതാൻ മന്ത്രി ആർ ബിന്ദുവിന് അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സെർച്ച് കമ്മറ്റിക്ക് മാത്രമാണ് വി.സിയെ തെരഞ്ഞെടുക്കാനുള്ള അധികാരം. വി.സി നിയമന ഉത്തരവിൽ ഒപ്പ് വെച്ചത് സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനെന്നും കോടതിയിൽ നിന്ന് വന്ന നോട്ടീസ് താൻ വായിച്ചിട്ടില്ലെന്നും ഗവർണർ അറിയിച്ചിരുന്നു. കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണം എന്ന് ശുപാർശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ട ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ വിമർശനം.

Similar Posts