കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമനം; കണ്ണൂർ സർവകലാശാല വി സി ക്കെതിരെ ഗവർണർ നടപടിക്ക് ഒരുങ്ങുന്നു
|പരാതിയിൽ പത്തു ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ഗവർണർ വിസിയോട് ആവശ്യപ്പെട്ടു
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിനെതിരായ പരാതിയിൽ പത്ത് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ഗവർണർ. കണ്ണൂർ സർവകലാശാല വി സി യോടാണ് വിശദീകരണം നൽകാൻ നിർദേശം നൽകിയത്. നിയമനം സംബന്ധിച്ചുയർന്ന പരാതികൾ ഗവർണർ അതിവ ഗൗരവത്തോടെയാണ് കാണുന്നത്. ഗുരുതരമായ നിയമലംഘനവും സ്വജന പക്ഷപാതവും വി സി യുടെ ഭാഗത്ത് നിന്നുണ്ടായതായാണ് ചാൻസലർ കൂടിയായ ഗവർണറുടെ നിഗമനം. അത് കൊണ്ടുതന്നെ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയാൽ വി സി ക്കെതിരെ നടപടി ഉണ്ടായേക്കാം
കെ.കെ രാഗേഷിന്റെ പത്നി പ്രിയ വര്‍ഗീസിനെ സർവകലാശാലയിൽ അസിസ്റ്റൻഡ് പ്രൊഫസറാക്കി നിയമിക്കാനുള്ള നടപടിക്കെതിരെ നേരത്തേ വലിയ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം വരെ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് വീണ്ടും പ്രിയ വർഗീസിന് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചു.
ഇതിനെത്തുടര്‍ന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. വേണ്ടത്ര അക്കാദമിക യോഗ്യതയോ പ്രവർത്തി പരിജയമോ ഇല്ലാതെയാണ് പ്രിയ വർഗീസിന് നിയമനം നൽകുന്നത് എന്ന തരത്തിൽ ഗുരുതരമായ പരാതികളാണ് ഉയർന്നത്.