നിയമനക്കോഴ വിവാദം: അഖിൽ മാത്യു നൽകിയ പരാതിയിൽ ഹരിദാസൻ്റെ മൊഴിയെടുക്കൽ പൂർത്തിയായി
|തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് ഹരിദാസന്റെ മലപ്പുറത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്
മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു നൽകിയ പരാതിയിൽ ഹരിദാസന്റെ മൊഴിയെടുക്കൽ പൂർത്തിയായി. ഒമ്പത് മണിക്കൂറാണ് ഹരിദാസനെ ചോദ്യം ചെയ്തത്. തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് ഹരിദാസന്റെ മലപ്പുറത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
എഴുതി എടുക്കാനാണ് സമയം എടുത്തത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. പണം വാങ്ങിയത്. അഖിൽ മാത്യു ആണെന്ന് തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. അഖിൽ മാത്യുവിന്റെ ഫോട്ടോ അഖിൽ സജീവ് കാണിച്ചു തന്നത് ഒരു തവണയാണ്. അത് മാസങ്ങൾക്ക് മുമ്പാണ്. അഖിൽ മാത്യുവാണെന്ന് പറഞ്ഞാണ് പണം കൈമാറിയത്.
വാട്സ്ആപ്പ് സന്ദേശങ്ങളും തെളിവുകളും കൈമാറി. ബാസിതിനെ കുറിച്ചും ചോദിച്ചു. ബാസിത്തിനെ ഫോക്കസ് ചെയ്തത് എന്തിനാണെന്ന് അറിയില്ല. പൊലീസ് കാണിച്ചു തന്ന ഫോട്ടോകളും താൻ കണ്ട ഫോട്ടുകളും ഒന്നു തന്നെയാണോ എന്ന ആശയക്കുഴപ്പം തനിക്കുണ്ടെന്ന് ഹരിദാസ് പറഞ്ഞു. അഖിൽ സജീവന് 25000 രുപ കൈമാറിയെന്നും അഖിൽ മാത്യുവിന് നേരിട്ട് ഒരു ലക്ഷം രൂപ കൈമാറിയെന്നും ഹരിദാസ് കൂട്ടിചേർത്തു. ഹരിദാസന്റെ കയ്യിലുള്ള നിയമന ഉത്തരവ് ഉൾപ്പടെയുള്ള കാര്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.
ടവർ ലൊക്കേഷൻ പ്രകാരം ഏപ്രിൽ 10, 11 തിയതികളിൽ ഹരിദാസ് തിരുവനന്തപുരത്തുണ്ട്. എന്നാൽ ഏപ്രിൽ പത്തിന് പണം നൽകി തിരിച്ചു പോന്നുവെന്നാണ് ഹരിദാസ് പറയുന്നത്. എന്നാൽ ഹരിദാസിന് തിയതി മാറിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.