ഐഎഎസ് കേഡർ പോസ്റ്റുകളിലെ നിയമനം; സിവിൽ സർവീസസ് ബോർഡിന്റ ശിപാർശ വേണമെന്ന് നിർദേശം
|സംസ്ഥാന സർക്കാരിനാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം നൽകിയത്
ഐ.എ.എസ് കേഡർ പോസ്റ്റുകളിലെ നിയമനത്തിലും മാറ്റത്തിലും സിവിൽ സർവീസസ് ബോർഡിന്റെ ശുപാർശ ഇല്ലാതെ തീരുമാനമെടുക്കരുതെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. സംസ്ഥാന സർക്കാരിനാണ് ട്രൈബ്യൂണൽ നിർദേശം നൽകിയത്.. കേരള ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ഐഎഎസ് കേഡർ പോസ്റ്റുകളിലേക്കുള്ള നിയമനം നേരത്തേ തന്നെ കേരള ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ ചോദ്യം ചെയ്തിരുന്നതാണ്. സർവീസിലില്ലാത്ത ആളുകളെ സംസ്ഥാന സർക്കാർ പദ്ധതിയിലേക്ക് നിയമിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം.
ഇത് സംബന്ധിച്ച് ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സർവീസിലില്ലാത്തവരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ രൂക്ഷ വിമർശനം നേരിട്ട ഹരജി കൂടിയായിരുന്നു ഇത്.
നിർദേശം കൃത്യമായി പാലിക്കണമെന്നാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഹരജിയിൽ പൂർണമായും വാദം കേട്ട ശേഷമാണ് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.