കോഴിക്കോട് സ്വകാര്യ കമ്പനി അറബിയില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു
|അറബിയില്‍ പേരെഴുതിയതിനെതിരെ ഫോണ്‍ വഴിയും ഭീഷണി വന്നു. പിന്നാലെ ബോര്‍ഡുകളും അപ്രത്യക്ഷമായി
കോഴിക്കോട് നഗരത്തില്‍ കോഴിക്കോട് നഗരത്തില്‍ സ്വകാര്യ കമ്പനി അറബിയില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. ബോര്‍ഡിനെതിരെ ചില സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സംഭവം. കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
കോഴിക്കോട് അശോകപുരത്തും എരഞ്ഞിപ്പാലത്തുമുള്‍പ്പടെ പുതിയതായി നിര്‍മ്മിച്ച ബസ് സ്റ്റോപ്പുകളിലായിരുന്നു ഹ്യൂമാക്സ് കമ്പനി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത്. വ്യത്യസ്ഥതക്ക് വേണ്ടി അറബിയില്‍ കമ്പനിയുടെ പേരുമെഴുതി. ഇതിനു പിന്നാലെയാണ് വ്യാപകമായ സൈബര്‍ ആക്രമണമുണ്ടായത്.
അറബിയില്‍ പേരെഴുതിയതിനെതിരെ ഫോണ്‍ വഴിയും ഭീഷണി വന്നു. പിന്നാലെ ബോര്‍ഡുകളും അപ്രത്യക്ഷമായി. ഏഴു ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. റോഡിന്‍റെയും ബസ് സ്റ്റോപ്പിന്‍റെയും നിര്‍മാണ പരിപാലന ചുമതലയുള്ള യുഎല്‍സിസിയില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. 10 മാസക്കാലത്തേക്കായിരുന്നു അനുമതി. നഗരത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ നഷ്ടമായിട്ടില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.