മണിപ്പൂരിൽ ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്ന് തലശേരി ബിഷപ്പ്
|മുസ്ലിം മത വിഭാഗത്തിന്റെ ആശങ്ക പരിഹരിക്കണമെന്നും ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു
കണ്ണൂര്‍: ഏകീകൃത സിവിൽ കോഡിന്റെ ഉള്ളടക്കം എന്താണെന്ന് പ്രധാനമന്ത്രി നിയമ നിർമാണ സഭയിൽ വ്യക്തമാക്കണമെന്ന് തലശേരി രൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനി. വിഷയം എല്ലാവരുമായി ചർച്ച ചെയ്യണം. മുസ്ലിം മത വിഭാഗത്തിന്റെ ആശങ്ക പരിഹരിക്കണമെന്നും ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായ ഇടപെടല്‍ നടത്തണമെന്നും ബിഷപ്പ് പറഞ്ഞു. മണിപ്പൂരിലേത് വംശഹത്യയാണ് . മണിപ്പൂരിൽ ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. ഇന്ത്യ എന്ന രാജ്യത്ത് വിവേചനമില്ല എന്നാണ് പ്രധാനമന്ത്രി അമേരിക്കയിൽ പറഞ്ഞത്. മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ മുഖത്തു നോക്കി പ്രധാനമന്ത്രി ഇതു പറയണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു . മണിപ്പൂരില്‍ കേന്ദ്ര സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചു. മണിപ്പൂരിൽ നടക്കുന്നത് കലാപമാണ്. കലാപകാരികൾക്ക് എവിടെ നിന്ന് പൊലീസിന്റെ ആയുധങ്ങൾ ലഭിച്ചു. ഭരണകൂടത്തിന്റെ മൗനാനുവാദം ഇവർക്ക് ലഭിച്ചോ എന്ന് സംശയിക്കണം. മണിപ്പൂർ കത്തി എരിയുമ്പോൾ ആരും കാര്യമായി സമാധാനത്തിന് ശ്രമിക്കുന്നില്ല സൈനിക ബലമുള്ള രാജ്യത്ത് കലാപം അമർച്ച ചെയ്യാൻ കഴിയാത്തത് ശരിയല്ലെന്നും പാംപ്ലാനി പറഞ്ഞു.