കോഴിക്കോട്ടും മലപ്പുറത്തും വിവിധ പരിപാടികള്‍; പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ ഇന്ന് കരിപ്പൂരില്‍ ഇറങ്ങും
|മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹത്തിൽ ഗവർണർ പങ്കെടുക്കും
കോഴിക്കോട്/തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാനായി ഗവർണർ ഇന്ന് എത്തും. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഗവർണർ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലേക്ക് പോകും.
തിങ്കളാഴ്ച 3.30ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സനാതനധർമ്മപീഠം സംഘടിപ്പിക്കുന്ന 'ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ' സെമിനാറിൽ ഗവർണർ പങ്കെടുക്കും. ഗവർണറെ സർവകലാശാലകളിൽ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് പൊലീസ് ഗവർണർക്ക് ഒരുക്കിയിരിക്കുന്നത്.
അതിനിടെ, സർവകലാശാലകളോടുള്ള ഗവർണറുടെ നയങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഉറച്ച് മുന്നോട്ടുപോകുകയാണ് ഇടതുസംഘടനകൾ. അധ്യാപകരുടെയും സർവകലാശാല ജീവനക്കാരുടെയും നേതൃത്വത്തിൽ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് മ്യൂസിയത്തുനിന്നാണ് മാർച്ച് ആരംഭിക്കുന്നത്.
സംഘ്പരിവാർ ബന്ധമുള്ളവരെ സർവകലാശാല സെനറ്റുകളിൽ തിരുകിക്കയറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ചാൻസലർ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇന്ന് കേരളത്തിൽ തിരിച്ചെത്തുന്ന ഗവർണർക്ക് കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നീക്കം. തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിൽ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇടപെടൽ.
Summary: The Kerala governor Arif Mohammad Khan will reach Karipur airport today to attend various programs in Kozhikode and Malappuram districts amid the left protests