'തെരുവുകളിൽ പാൻപരാഗ് മുറുക്കിത്തുപ്പുന്ന ആരിഫ് മുഹമ്മദ് ഖാൻ'; രൂക്ഷവിമർശനവുമായി പി.എം ആർഷോ
|സർവ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദർശനത്തിന് മുന്നോാടിയായി കാലിക്കറ്റ് സർവകലാശാലയിൽ സുരക്ഷ വർധിപ്പിച്ചു. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ 600 ഓളം പൊലീസുകാരെയാണ് ഗവർണറുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.
കാലിക്കറ്റ് യൂണിവെഴ്‌സിറ്റി കാമ്പസിനുള്ളിൽ എസ്.എഫ്.ഐ ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകർ ക്യാമ്പസിൽ ഇപ്പോൾ പ്രതിഷേധിക്കുകയാണ്. രൂക്ഷമായ വിമർശനമാണ് എസ്.എഫ്.ഐ ഗവർണർക്കെതിരെ നടത്തിയത്. ആര്‍.എസ്.എസ് തെമ്മാടികളെ കേരളത്തിലെ ക്യാമ്പസുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു.
'സംഘപരിവാരത്തിന്റെ ചട്ടുകമെന്നോണം കേരളത്തിലെ സർവകലാശാലകളുടെ ചാൻസിലറായ കേരളത്തിന്റെ ക്യാമ്പസുകളിലൂടെ പാൻപരാഗ് മുറുക്കിത്തുപ്പി നടക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ മാറുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. രണ്ടു സർവ്വകലാശാലകളിലേക്ക് ഒരുപറ്റം ആർ.എസ്.എസിന്റെ തെമ്മാടികളെ റിക്രൂട്ട് ചെയ്യാൻ ആരിഫ് മുഹമ്മദ് ഖാൻ എന്ന ചാൻസിലർ തയ്യാറാകുന്നു'. ആർഷോ ആരോപിച്ചു. അതേസമയം സർവ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.