മയക്കുവെടി വെച്ചു; മിഷന്‍ അരിക്കൊമ്പന്‍ വിജയത്തിലേക്ക്
|വെടിയേറ്റ ആന മയങ്ങിത്തുടങ്ങി
ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വിജയത്തിലേക്ക്. സിമന്റ് പാലത്തിന് സമീപത്ത് വെച്ച് കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഡോ: അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെച്ചത്. വെടിയേറ്റ ആന മയങ്ങിത്തുടങ്ങി. ആനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.
കുംകിയാനകളുടെ സഹായത്തോടെ മാറ്റാനാണ് നീക്കം. അതിനായി കുംകിയാനകൾ അരക്കൊമ്പന് അരികിൽ എത്തി. വഴിവെട്ടാനുള്ള മണ്ണുമാന്തി യന്ത്രവും സ്ഥലത്തെത്തിച്ചു. എന്നാൽ രണ്ടു തവണ വെടിയേറ്റിട്ടും അരിക്കൊമ്പൻ പൂർണ മയക്കത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് വനം വകുപ്പിന് വെല്ലുവിളിയാവുന്നത്. ആവശ്യമെങ്കിൽ വീണ്ടും വെടിവെക്കാനാണ് സംഘത്തിന്‍റെ തീരുമാനം.
മണിക്കൂറുകളായി ആന ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സിങ്കുകണ്ടത്തിന് സമീപം സൂര്യനെല്ലി ഭാഗത്തേക്ക് കയറിപ്പോയ ആനയെ പടക്കം പൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. ദൗത്യം വിജയകരമെന്ന് പ്രതികരിച്ച മന്ത്രി എ.കെ ശശീന്ദ്രൻ ദൗത്യസംഘത്തെ അഭിനന്ദിച്ചു.
2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. 2017 ല്‍ അരിക്കൊമ്പനെ മൂന്നുതവണയായി അഞ്ചു പ്രാവശ്യം മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.