അരിക്കൊമ്പൻ ദൗത്യം; 16 ലക്ഷത്തോളം രൂപ എന്തിന് ചെലവായെന്ന് വ്യക്തമാക്കാതെ വനംവകുപ്പ്
|വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും 4.65 ലക്ഷത്തിന്റെ കണക്ക് മാത്രമാണ് വനംവകുപ്പ് നൽകിയത്.
ഇടുക്കി: അരിക്കൊമ്പനെ നാട് കടത്താൻ സംസ്ഥാന സർക്കാരിന് ചെലവായ കണക്കിൽ അവ്യക്തത. വിവരാവകാശ നിയമപ്രകാരം ചെലവ് തരംതിരിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നൽകിയത് 4.65 ലക്ഷത്തിന്റെ കണക്കുമാത്രം. ബാക്കി 16 ലക്ഷത്തോളം രൂപ വിവിധ ഇനങ്ങളിൽ ചിലവായി എന്നാണ് വനംവകുപ്പ് പറയുന്നത്.
ചിന്നക്കനാലിൽനിന്ന് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിൽ എത്തിച്ചതിന് ലക്ഷങ്ങളാണ് സർക്കാർ വക ചെലവ്. എന്നാൽ കണക്കുകളിൽ ഇപ്പോഴും വ്യക്തതയില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ 21,38,367 രൂപ ചെലവായെന്നാണ് വനം വകുപ്പ് പറയുന്നത്. ചെലവായ ആകെ തുക തരംതിരിക്കാമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. ആനക്കൂട് നിർമാണത്തിന് മരങ്ങൾ മുറിച്ചതിന് ചെലവ് 1,83,664 രൂപ, കൂട് നിർമാണത്തിന് 1,81,828. ദ്രുതകർമസേനക്ക് നൽകിയ അഡ്വാൻസ് തുക ഒരു ലക്ഷം. ഇങ്ങനെ 4,65,492 രൂപയുടെ കണക്ക് മാത്രം.
15,85,555 രൂപ വിവിധ ഇനത്തിൽ ചെലവായെന്നുള്ള കണക്ക് പ്രത്യേകം പറയുന്നുണ്ട്. പക്ഷേ ആ വിവിധ ഇനം എന്താണ് എന്നത് വനംവകുപ്പ് വ്യക്തമാക്കുന്നില്ല. സർക്കാർ കോടതിയിൽ സമർപ്പിച്ച അരിക്കൊമ്പൻ ദൗത്യത്തിന്റെ കണക്കും കൃത്യമല്ലന്നാണ് ആക്ഷേപം. വനം വകുപ്പിന്റേതുൾപ്പടെ നാൽപ്പതോളം ജീവനക്കാർ നടത്തിയ ദൗത്യത്തിന് കൃത്യമായ കണക്ക് സർക്കാരിന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.