അരിക്കൊമ്പൻ ഇപ്പോഴും തമിഴ്‌നാട് വനാതിർത്തി മേഖലയിൽ; നിരീക്ഷണം തുടരും
|ഇനിയും സിഗ്‌നലുകൾ തടസ്സപ്പെട്ടാൽ വെരി ഹൈ ഫ്രീക്വൻസി ആന്റിന ഉപയോഗിച്ച് കാടിനുള്ളിൽ തിരയാനാണ് വനം വകുപ്പിന്റെ തീരുമാനം
ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പനിൽ ഘടിപ്പിച്ച ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്‌നൽ ലഭിക്കാത്തത് വനം വകുപ്പിനെ ആശങ്കയിലാക്കി. ഇന്നലെ ഉച്ച മുതൽ സിഗ്‌നലുകൾ തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ലഭിച്ചില്ല. ഇന്ന് രാവിലെയാണ് സിഗ്‌നൽ വീണ്ടെടുത്തത്.
ഇടതൂർന്ന വനമേഖലയും മേഘാവൃതമായ അന്തരീക്ഷവുമാണ് സാറ്റലൈറ്റ് വഴി സിഗ്‌നലുകൾ ലഭിക്കുന്നതിന് തടസമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഇന്നലെ ജി.പി.എസ് കോളറിൽ നിന്നുള്ള അവസാന സിഗ്‌നൽ ലഭിക്കുമ്പോൾ തമിഴ്‌നാട് അതിർത്തി വനമേഖലയായ വണ്ണാത്തിപ്പാറയിലായിരുന്നു അരിക്കൊമ്പൻ. ഉച്ചയ്ക്ക് രണ്ടു മണിയോടെ സിഗ്‌നൽ ലഭിക്കാതെയായി.
ഇന്ന് രാവിലെയാണ് വീണ്ടും തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ സിഗ്‌നലുകൾ ലഭിച്ചത്. പുതിയ വിവരപ്രകാരം അരിക്കൊമ്പൻ ഇപ്പോഴും തമിഴ്‌നാട് അതിർത്തി വനമേഖലയിൽ തന്നെയാണ്. ഓരോ മണിക്കൂർ ഇടവിട്ട് സിഗ്‌നലുകൾ ലഭിക്കത്തക്ക വിധത്തിലാണ് ജിപിഎസ് കോളറിന്റെ പ്രവർത്തനം. തടസം നേരിട്ടാൽ മൂന്നു മണിക്കൂർ വരെ വൈകും. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർനോട് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും സിഗ്‌നലുകൾ തടസ്സപ്പെട്ടാൽ വെരി ഹൈ ഫ്രീക്വൻസി ആന്റിന ഉപയോഗിച്ച് കാടിനുള്ളിൽ തിരയാനാണ് വനം വകുപ്പിന്റെ തീരുമാനം. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.