Kerala
Arikkomban, SupremeCourt, Keralagovernment
Kerala

അരിക്കൊമ്പനില്‍ സർക്കാരിന് തിരിച്ചടി; ഹരജി സുപ്രിംകോടതി തള്ളി

Web Desk
|
17 April 2023 2:16 PM GMT

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന വിദഗ്ധ സമിതിയുടെ നിർദേശത്തിനപ്പുറം സംസ്ഥാന സർക്കാരിന് പോകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു

ന്യൂഡല്‍ഹി: അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹരജിയിൽ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന വിദഗ്ധ സമിതിയുടെ നിർദേശത്തിനപ്പുറം സംസ്ഥാന സർക്കാരിന് പോകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തിൽ വിദഗ്ധ സമിതിയുടെ തീരുമാനത്തിനപ്പുറം പോകാൻ കഴിയില്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ തന്നെയാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഇടുക്കിയിൽനിന്നും അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന തീരുമാനം മുന്നോട്ടുവച്ചത് വിദഗ്ധ സമിതിയാണ്. തികച്ചും യുക്തിസഹമായ തീരുമാനമാണിതെന്ന് ബെഞ്ച് വിലയിരുത്തി. സ്വന്തം സമിതിയുടെ തീരുമാനത്തെ സംസ്ഥാനം മറികടക്കരുതെന്ന ഉപദേശവും ഹരജി തള്ളി കോടതി നൽകി.

ഏഴു മനുഷ്യരെ കൊലപ്പെടുത്തിയ ആനയാണെന്നും പറമ്പിക്കുളത്തേക്കു മാറ്റുകയും കോളർ ഘടിപ്പിക്കുകയും പ്രായോഗികമല്ലെന്നുമുള്ള സംസ്ഥാനത്തിന്റെ വാദങ്ങൾ സുപ്രിംകോടതി അംഗീകരിച്ചില്ല. ഉത്തരവിടുന്നതിനുമുൻപ് തങ്ങളുടെ വാദംകൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളും തടസവാദ ഹരജി സമർപ്പിച്ചിരുന്നു. അതേസമയം വിദഗ്ധ സമിതിയിലെ അംഗങ്ങൾ ആന വിദഗ്ധരല്ലെന്ന് അഡ്വ. വി.കെ ബിജു ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ ഉൾപ്പെടെ വ്യക്തമാക്കുന്ന ഹരജി നാളെ കോടതിയുടെ ശ്രദ്ധയിൽപെടുത്താൻ ചീഫ് ജസ്റ്റിസ് അനുവാദം നൽകി.

Summary: The Supreme Court dismissed the plea filed by the state government against the High Court's order preventing the arrest of Arikkomban

Similar Posts