Kerala
സുരക്ഷിതമായ സ്ഥലം ഇനിയും കണ്ടെത്താനായില്ല, അരിക്കൊമ്പനെ മാറ്റുന്നത് പ്രയാസകരം; വനം വകുപ്പ് സുപ്രിംകോടതിയിലേക്ക്
Kerala

സുരക്ഷിതമായ സ്ഥലം ഇനിയും കണ്ടെത്താനായില്ല, അരിക്കൊമ്പനെ മാറ്റുന്നത് പ്രയാസകരം; വനം വകുപ്പ് സുപ്രിംകോടതിയിലേക്ക്

Web Desk
|
14 April 2023 5:09 AM GMT

ജനങ്ങളെ പ്രകോപിപ്പിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: അരിക്കൊമ്പൻ ദൗത്യത്തിൽ സുപ്രിംകോടതിയെ സമീപിക്കാൻ വനംവകുപ്പ്. വിഷയത്തിന്റെ സങ്കീർണതകൾ സുപ്രിംകോടതിയെ ധരിപ്പിച്ച് അരിക്കൊമ്പനെ പുനരധിവസിപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.ഇന്ന് തന്നെ ഓൺലൈൻ ആയി ഹരജി സുപ്രിംകോടതിയിൽ സമർപ്പിക്കും. അല്ലെങ്കിൽ തിങ്കളാഴ്ച തന്നെ കോടതിയിൽ ഹരജി നൽകും.

ജനങ്ങളെ പ്രകോപിപ്പിച്ച് നടപടികളുമായി മുന്നോട്ട് പോകാനാകില്ല . അരിക്കൊമ്പനെ മാറ്റാൻ ജനവാസ മേഖലയല്ലാത്ത സുരക്ഷിതമായ സ്ഥലം ഇനിയും കണ്ടെത്താനായില്ലെന്നും മന്ത്രി പറഞ്ഞു.

'അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ശ്രമിച്ചു.അവിടെ വലിയ ജനകീയ പ്രതിഷേധം ഉണ്ടായി.അതിരപ്പള്ളി, വാഴച്ചാൽ പ്രദേശത്തും പ്രതിഷേധമുണ്ടായി. ജനങ്ങളെ പ്രകോപിപ്പിച്ച് നടപടിയുമായി മുന്നോട്ട് പോകുന്നത് പ്രയാസമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നെന്മാറ എം.എൽ.എ കോടതിയെ സമീപിച്ചു. മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള സാധ്യത കോടതി പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തിൽ എല്ലായിടത്തും പ്രതിഷേധം നടന്നു.' മന്ത്രി പറഞ്ഞു.

'ആനപ്രേമി സംഘങ്ങളുടെ നിലപാടിന് കോടതി അമിത പ്രാധാന്യം നൽകിയതായി മനസിലാക്കുന്നു. ഹൈക്കോടതി വിധി സുപ്രിംകോടതി ശരി വെച്ചാൽ ഗവണ്മെന്റിന് മുന്നിൽ മറ്റ് മാർഗം ഇല്ല. ഹൈക്കോടതി വിധി സുപ്രിംകോടതി ശരി വെച്ചാൽ സർക്കാരിന് മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ലാതാകും. കോടതി വിധി നടപ്പാക്കേണ്ടി വരും. ജനങ്ങളുമായി ഏറ്റുമുട്ടൽ ഉണ്ടാകുമോ എന്ന ആശങ്ക സർക്കാരിനുണ്ട്'. ആ ആശങ്ക മുൻ നിർത്തിയാണ് സുപ്രിംകോടതിയെ സമീപിക്കുന്നത് ജനങ്ങളുടെ ആശങ്ക കാണാതിരിക്കാൻ ആവില്ലെന്നും മന്ത്രി പറഞ്ഞു.


Similar Posts