അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക്?; കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയപാത മുറിച്ചു കടന്നു
|വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി
ഇടുക്കി: അരിക്കൊമ്പൻ ചിന്നക്കനാൽ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി സൂചന. കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയ പാത ആന മുറിച്ചു കടന്നു. ജിപിഎസ് കോളറിലെ വിവരങ്ങൾ പ്രകാരം തമിഴ്നാട് ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ഈ വനമേഖല. അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് എത്താനുളള സാധ്യത കൂടുകയാണെന്ന് ആനിമല്‍ സയന്റിസ്റ്റായ വിജയകുമാർ ബ്ലാത്തൂർ പറഞ്ഞു.
ഇന്നലെ പുലർച്ചെ ജനവാസമേഖലയിൽ എത്തിയ അരിക്കൊമ്പനെ നാട്ടുകാരും വനപാലകരും ചേർന്ന് കാടുകയറ്റിയിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് വലിയ തോതിൽ നിരീക്ഷണം തുടർന്നിരുന്നു.
ആറു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല.