പിടികൊടുക്കാതെ അരിക്കൊമ്പൻ; ദൗത്യം ഇന്നും തുടരും
|ആനയെ നിരീക്ഷിച്ച ശേഷം എട്ട് മണിയോടെ ദൗത്യമാരംഭിക്കും
ഇടുക്കി: ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ശാന്തൻപാറ പഞ്ചായത്തിലെ ശങ്കരപാണ്ഡ്യമേട്ടിലാണ് അരിക്കൊമ്പനുള്ളത്. ഇവിടെ വെച്ച് മയക്കുവെടിവെക്കാനാകാത്ത സാഹചര്യത്തിൽ ആനയെ ദൗത്യമേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമമാകും ദൗത്യസംഘം നടത്തുക. ആനയെ നിരീക്ഷിച്ച ശേഷം എട്ട് മണിയോടെ ദൗത്യമാരംഭിക്കും.
അരിക്കൊമ്പൻ ദൗത്യസംഘത്തിന്റ നിരീക്ഷണത്തിൽ തന്നെയാണെന്ന് ഡോ: അരുൺ സഖറിയ പറഞ്ഞു. അനിയോജ്യമായ സ്ഥലത്ത് എത്തിയതിന് ശേഷം ദൗത്യം ആരംഭിക്കും. അരുൺ സഖറിയയും സംഘവും ബേസ്ക്യാമ്പിൽ എത്തി.
ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് ആനയിറങ്കൽ ജലാശയം കടന്ന് മുന്നൂറ്റിയൊന്ന് കോളനിയിലോ സിമൻറ് പാലം മേഖലയിലേക്കോ എത്തിയാൽ മാത്രമേ ആനയെ മയക്കുവെടിവെക്കാനാകൂ. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ തുടരും.
സിമൻറ് പാലത്തിന് സമീപം അരിക്കൊമ്പൻ ഉണ്ടെന്ന നിഗമനത്തിലായിരുന്നു ഇന്നലെ ദൗത്യസംഘം. എന്നാൽ കാട്ടാനക്കൂട്ടത്തോടൊപ്പം ചക്കക്കൊമ്പനാണെന്ന് തിരിച്ചറിഞ്ഞതോടെ അരിക്കൊമ്പനായുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.