Kerala
arikkomban
Kerala

അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വെക്കില്ല; തെരച്ചിൽ തുടരും

Web Desk
|
28 April 2023 9:16 AM GMT

കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടികൂടാമായിരുന്നുവെന്ന് എ.കെ ശശീന്ദ്രൻ

ഇടുക്കി: അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വെക്കില്ലെന്ന് ദൗത്യസംഘം. ആനയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരാനാണ് തീരുമാനം. അരിക്കൊമ്പൻ ദൗത്യത്തിൽ നിന്ന് വനം വകുപ്പ് പിൻമാറില്ലെന്നും അരിക്കൊമ്പനെ കണ്ടെത്താനാകുമെന്നാണ് ദൗത്യസംഘത്തിന്റെ പ്രതീക്ഷയെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ചൂട് കൂടുതലായതു കൊണ്ടാകാം ഇന്ന് കണ്ടെത്താൻ സാധിക്കാതിരുന്നത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടികൂടാമായിരുന്നുവെന്നും ശശീന്ദ്രൻ പറഞ്ഞു.

അരിക്കൊമ്പന് വേണ്ടി ചിന്നാകന്നാലിലെ ശങ്കരപാണ്ഡ്യമേടിലടക്കം ഇന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദൗത്യ സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള സിസിഎഫ് എസ്.ആർ അരുൺ, ദൗത്യ സംഘത്തെ നയിക്കുന്ന ഡോക്ടർ അരുൺ സകറിയ, കോട്ടയം ഡി എഫ് ഒ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

അരിക്കൊമ്പനെ പിടികൂടി ചിന്നക്കന്നാലിൽ നിന്ന് കൊണ്ട് പോകുന്നതിനായി പ്രത്യേക വാഹനമാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. യുക്കാലി തടി ഉപയോഗിച്ചുള്ള കൂടും അരിക്കൊമ്പനെ വലിച്ചു കയറ്റാനുള്ള ക്രെയ്ൻ സംവിധാനവും വാഹനത്തിലുണ്ട്.

ആഴ്ചകൾ നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന് ഇന്ന് തുടക്കമായത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിനായി ഇറങ്ങിയത്.

Similar Posts