എന്റെ നാലാമത്തെ മകന്; വാക്കു പാലിച്ച് ഗണേഷ് കുമാര്‍, അര്ജുന് വീടും സമ്മാനങ്ങളും
|വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് കുടുംബം
പത്തനാപുരം: ഓണസമ്മാനമായി അർജുന് വീടൊരുങ്ങി. ഗണേഷ് കുമാര്‍ എം.എൽ.എ പുത്രസ്ഥാനം നൽകി സ്വീകരിച്ച പത്തനാപുരം കമുകുംചേരിയിലെ എട്ടാം ക്ലാസുകാരൻ അർജുനും അമ്മ അഞ്ജുവും ഏറെ സന്തോഷത്തിലാണ്. എം.എൽ.എ സ്വന്തം നിലയിൽ വെച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയ വീടിന്റെ പണി പൂർത്തിയാക്കി ഗൃഹപ്രവേശം നടത്തി. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് കുടുംബം. വീട്ടിലേക്കു വേണ്ടുന്ന സാധനങ്ങളും വാങ്ങി നല്കി.
പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ എം.എൽ.എ. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും ചേർന്ന് ഗൃഹപ്രവേശ കർമം നിർവഹിച്ചു. നാട്ടുകാരും ജനപ്രതിനിധികളും അടക്കം നിരവധിപേരാണ് സന്തോഷ നിമിഷത്തിൽ പങ്കുചേരാനെത്തിയത്. ഓണത്തിന് മുമ്പ് വീട് നിർമാണം പൂർത്തീകരിക്കുമെന്ന് എം.എൽ.എ. പറഞ്ഞിരുന്നു.
രണ്ടര വയസുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചുപോയ അർജുന് എല്ലാം എല്ലാം അമ്മയായിയിരുന്നു. റേഷൻ കടയിലെ ചെറിയ ജോലിയിൽ നിന്നാണ് അമ്മ അഞ്ജു മകനെ വളർത്തുന്നത്. ഒരു ചടങ്ങിൽ അർജുന്റെയും അമ്മയുടെയും ബുദ്ധിമുട്ടുകൾ നേരിട്ടറിഞ്ഞാണ് കെ.ബി.ഗണേഷ് കുമാര്‍ എം.എൽ.എ. വീടുവെച്ച് നൽകാമെന്ന് പ്രഖ്യാപിച്ചത്. അർജുന്റെ അമ്മ അഞ്ജുവിന് കുടുംബ സ്വത്തായി ലഭിച്ച പത്തു സെന്റ് ഭൂമിയിൽ വിടുവെച്ചു നല്‍കിയത്. ഇതിനിടെ അർജ്ജുനെ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കാൻ എം.എൽ.എ. അധ്യാപകനെ ഏർപ്പെടുത്തുകയും ചെയ്തു. നാലാമത്തെ മകനായി കെ.ബി.ഗണേഷ് കുമാര്‍ എം.എൽ.എ. അർജുനെ ചേർത്തു നിർത്തി. ഐഎഎസ് നേടാനും പൈലറ്റായി പറക്കാനുമാണ് ഈ എട്ടാം ക്ലാസുകാരന്റെ മോഹം.