'അർജുന്റെ രക്ഷാപ്രവർത്തനത്തിൽ ഇടപെടണം'; സുപ്രിംകോടതിയിൽ ഹരജി
|തെരച്ചിൽ ഊർജിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി
ന്യൂഡൽഹി: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹരജി. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹരജി സമർപ്പിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ലെന്നും തെരച്ചിൽ ഊർജിതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുഭാഷ് ചന്ദ്രൻ ഹരജി സമർപ്പിച്ചിരിക്കുന്നത്. അർജുൻ മണ്ണിനിടയിൽ പെട്ട ദിവസം മുതലുള്ള തീയതികൾ അടക്കം പരാമർശിച്ചാണ് വിശദമായ ഹരജി. മണ്ണ് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണമെന്നും എല്ലാ സേനകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ഇതിന് കോടതി ഇടപെടണമെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ അർജുനായുള്ള തെരച്ചിൽ 121ാം മണിക്കൂറിലേക്ക് കടന്നു. ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന സ്ഥലം കേന്ദ്രീകരിച്ച് രണ്ട് ജെസിബികൾ ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. രക്ഷാദൗത്യത്തിനായി ഉച്ചയോടെ സൈന്യവുമെത്തും. ഇതിനിടെ പ്രദേശത്ത് മഴ കനക്കുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.