അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; ലോഹ സാന്നിധ്യം കണ്ടെത്തിയ നാലിടങ്ങളിൽ പ്രത്യേക പരിശോധന
|ഇന്ന് രാവിലെ 8.30 ന് തുടങ്ങാനാണ് തീരുമാനം
ബെംഗളൂരു: ഉത്തര കർണാടക ദേശീയ പാതയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും. ഇന്ന് രാവിലെ 8.30 ന് തുടങ്ങാനാണ് തീരുമാനം.
ഈശ്വർ മാൽപ്പെയുടെ സംഘത്തിലെ നാലു പേർ നദിയിൽ മുങ്ങി പരിശോധന നടത്തും. റഡാർ പരിശോധനയിൽ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ 4 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാവും പരിശോധന. ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിൽ അർജുന്‍റെ വാഹനത്തിന്‍റെതാണെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് നാവിക സേനയും എൻ.ഡി.ആർഎഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളും പരിശോധനക്ക് എത്തുമെന്നാണ് സൂചന.
ഇന്നലത്തെ തിരച്ചിലില്‍ ലോറിയുടെ ജാക്കി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുഴയിൽ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്.രാവിലെ നാവികസേനയുടെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇതിന് അനുമതി നൽകിയില്ല. എന്നാൽ പിന്നീട് സ്ഥലം എം.എൽ.എയും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫും ഇടപെട്ട് ഈശ്വർ മൽപെയെ ഇവിടെയെത്തിക്കുകയായിരുന്നു.
നദിയിലെ ഒഴുക്ക് സാധാരണ നിലയിലായിട്ടും തിരച്ചിൽ ആരംഭിക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് എകെഎം അഷ്റഫ് എം.എൽ.എ രംഗത്തെത്തിയിരുന്നു. അർജുന്റെ കുടുംബത്തോടൊപ്പം കലക്ടറെ കാണുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു.