രണ്ടാഴ്ച പിന്നിടുമ്പോഴും ലക്ഷ്യം കാണാതെ അർജുനായുള്ള തെരച്ചിൽ; കാത്തിരിപ്പ് തുടര്‍ന്ന് കുടുംബവും നാടും
|തെരച്ചിൽ പുനരാരംഭിക്കണമെന്ന് കേരളവും അർജുന്‍റെ കുടുംബവും
ഷിരൂര്‍: കർണാടക ഷിരൂരിൽ അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനയുള്ള രക്ഷാദൗത്യം തുടങ്ങിയിട്ട് ഇന്ന് രണ്ട് ആഴ്ച. തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെ ആശങ്കയോടെയാണ് അർജുന്റെ കുടുംബം കേട്ടത്.
ജൂലൈ 16 നാണ് കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. റോഡരികിലെ കടകൾക്കും വാഹനങ്ങൾക്കും മേലെ ഒരു കുന്ന് തന്നെ ഇടിഞ്ഞു വീണു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ അന്ന് തന്നെ നാല് മൃതദേഹം കണ്ടെത്തി.
ജൂലൈ 17 ന് ഗംഗാവലി നദിയിലൂടെ ഒഴുകുന്ന ടാങ്കർ ലോറി കണ്ടെത്തി.തൊട്ടടുത്ത ദിവസം പുഴയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ജൂലൈ 19 നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കാണാനില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നത്.
അന്ന് തന്നെ അർജുനും ലോറിയും അങ്കോല മണ്ണിടിച്ചിലിൽ അകപ്പെട്ടെന്ന് വ്യക്തമായി. തുടന്നുണ്ടായ പരിശോധനയിൽ ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനം പ്രവർത്തിച്ചത് 16 ന് രാവിലെ 8.49 ന് എന്ന് വ്യക്തമായി.
ജൂലൈ 20 ന് എന്‍.ഐ.ടി സൂരത്കലിലെ വിദഗ്ധ സംഘം അപകട സ്ഥലത്ത് പരിശോധന നടത്തി. അന്ന് തന്നെ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തി. ജൂലൈ 20 നാണ് സൈന്യത്തിന്റെ സഹായം തേടാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുന്നത്. തുടന്ന് അന്ന് തന്നെ സൈന്യം ഷിരൂരിൽ എത്തി. കേരളത്തിൽ നിന്നുള്ള ശക്തമായ സമ്മർദത്തെത്തുടർന്ന് രക്ഷാദൗത്യം വേഗത്തിലായി.
ജൂലൈ 21 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ചു. ലോറി പുഴയ്ക്കടിയിലുണ്ടാകാൻ സാധ്യതയെന്ന് കർണാടക റവന്യൂ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതീക്ഷയുടെ നേരിയ വെളിച്ചം അന്ന് തന്നെ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും പരിശോധനയിൽ ലോറി കണ്ടെത്താനായില്ല. ജൂലൈ 22 ന് പുഴയിൽ ലോഹ സാന്നിധ്യം കണ്ടെത്തി. തൊട്ടടുത്ത ദിവസം റഡാർ സിഗ്നൽ കിട്ടിയ അതേ സ്ഥലത്ത് സോണാർ സിഗ്നലും കിട്ടി. ജൂലൈ 23 ന് പരിശോധനക്കിടയിൽ സന്ന ഹനുമന്ത എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
തുടന്നുള്ള ദിവസങ്ങളിൽ കനത്ത മഴയുടെ കാറ്റും ഗംഗാവലി പുഴയിലെ അടിയൊഴുക്കും രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായി. തിരച്ചിൽ ഇടയ്ക്കിടെ നിർത്തി വച്ചു. ജൂലൈ 23 ന് തന്നെ ലോങ് ബൂം എക്സ്കവേറ്റർ സ്ഥലത്തെത്തി. അടുത്ത ദിവസം മുതൽ പുഴയിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി. ജൂലൈ 25 ന് ഐബോഡ് ഡ്രോൺ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതികൂല കാലാവസ്ഥ തിരിച്ചടിയായതോടെ പുഴയിൽ ഡൈവിംഗ് സാധ്യമായില്ല. അർജുന്‍റെ ലോറിയിലെ തടി കണ്ടെത്തിയെന്ന് ലോറിയുടമ വ്യക്തമാക്കി. ജൂലൈ 26 ന് ആയിരുന്നു ബോട്ട്ഉപയോഗിച്ചുള്ള സൈന്യത്തിന്റെ പരിശോധന.
അന്ന് നടത്തിയ ഐബോഡ് പരിശോധനയിൽ ലോറിയുടേത് എന്ന് കരുതുന്ന നാലാമത്തെ സിഗ്നൽ കിട്ടി. 27 ന് അക്വാമാൻ എന്നറിയപ്പെടുന്ന മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ തിരച്ചിലിനെത്തി. മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും ഫലം കണ്ടില്ല. ഞായറാഴ്ച ഈശ്വർ മൽപെ തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിലിന് താൽക്കാലിക വിരാമമെന്ന് അധികൃതർ വ്യക്തമാക്കിയതോടെ മിഷൻ അർജുന് അനിശ്ചിതത്വത്തിലായി.
പ്രതികൂല കാലാവസ്ഥയാണ് നദിയിലിറങ്ങിയുള്ള തിരച്ചിൽ നിർത്താൻ കാരണമായി കർണാടക സർക്കാർ പറയുന്നത്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുമെന്നും സർക്കാർ അറിയിച്ചു. ഒപ്പം തൃശ്ശൂരിൽ നിന്നും അഗ്രോ ഡ്രജ് ക്രാഫ്റ്റ് എത്തിച്ച് പരിശോധനയുടെ സാധ്യതയും കർണാടക സർക്കാർ തേടുന്നുണ്ട്. എന്നാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതിനെതിരെ കേരള സർക്കാരും അർജുന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.