Kerala
ദേശീയപാത വിവാദം; എ.എം ആരിഫിനെ പരസ്യമായി തള്ളി സി.പി.എം ജില്ലാ നേതൃത്വം
Kerala

ദേശീയപാത വിവാദം; എ.എം ആരിഫിനെ പരസ്യമായി തള്ളി സി.പി.എം ജില്ലാ നേതൃത്വം

Web Desk
|
15 Aug 2021 9:25 AM GMT

പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമാണെന്നും പരാതി നേരത്തെ അന്വേഷിച്ച് തള്ളിയതാണെന്നും ആർ. നാസർ

അരൂർ- ചേർത്തല ദേശീയപാത ടാറിംഗ് വിവാദത്തിൽ എ.എം ആരിഫിനെ പരസ്യമായി തള്ളി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. ദേശീയപാതാ നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള കത്തിനെക്കുറിച്ച് ആരിഫ് സംസാരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമാണെന്നും പരാതി നേരത്തെ അന്വേഷിച്ച് തള്ളിയതാണെന്നും ആർ നാസർ വ്യക്തമാക്കി.

അതേസമയം, ദേശീയ പാത നിർമാണത്തിലെ പ്രശ്ന പരിഹാരമാണ് തന്റെ ആവശ്യമെന്നും നാട്ടുകാരുടെ കാര്യമാണ് താൻ പരാതിയായി ഉന്നയിച്ചതെന്നും എ.എം ആരിഫ് എം.പി പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറിയോട് ഇക്കാര്യം സംസാരിച്ചിരുന്നു. പി.ഡബ്ള്യു.ഡി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തനിക്ക് നൽകിയിരുന്നില്ല. തന്‍റെ ഭാഗത്ത് തെറ്റ് സംഭവിച്ചെങ്കിൽ പരിശോധിക്കാൻ പാർട്ടിക്ക് അധികാരമുണ്ടെന്നും എ.എം ആരിഫ് വ്യക്തമാക്കി. റോഡ് നിർമ്മാണത്തിലെ പരാതിയില്‍ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രതികരണത്തിന് മറുപടിയായാണ് ആരിഫിന്‍റെ വിശദീകരണം.

പാർട്ടി നേതാവെന്ന രീതിയിൽ ആരിഫിന് എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടോ എന്ന് സി.പി.എം പരിശോധിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. ആലപ്പുഴയിലെ മുന്‍ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയാണ് സജി ചെറിയാന്‍.

ആലപ്പുഴ ദേശീയപാതയുമായി ബന്ധപ്പെട്ട പരാതിയിൽ ജി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾതന്നെ പരിശോധന നടത്തിയതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. മന്ത്രിയ്ക്ക് ചെയ്യാനാവുന്നത് ജി. സുധാകരൻ ചെയ്തിട്ടുണ്ട്. കരാറുകാരോ ഉദ്യോസ്ഥരോ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അമ്പലപ്പുഴയിലെ പാർട്ടി അന്വേഷണത്തിൽ പ്രതിരോധത്തിലായ ജി. സുധാകരനെ കൂടുതൽ സമ്മർദത്തിലാക്കുന്നതായിരുന്നു എ.എം ആരിഫിന്റെ കത്ത്. എന്നാൽ ഈ നീക്കം പാളിയെന്ന് മാത്രമല്ല, സി.പി.എം എം.പി തന്നെ പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തങ്ങളിൽ ക്രമക്കേട് ആരോപിച്ചത് പ്രതിപക്ഷത്തിന് ആയുധവുമായി.

പാർട്ടി ഘടകമായ ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് ആരിഫ്, മന്ത്രി മുഹമ്മദ് റിയാസിന് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇക്കാര്യങ്ങളിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വരുന്ന പാർട്ടി കമ്മിറ്റികളിൽ വിമർശനം ഉയരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ആരിഫിനെ തള്ളി സജി ചെറിയാൻ തന്നെ രംഗത്തെത്തിയത്.

2019ലാണ് ദേശീയപാതയുടെ പുനര്‍നിര്‍മാണം നടന്നത്. അന്ന് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം. മൂന്ന് വര്‍ഷത്തെ ഗ്യാരണ്ടിയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷമായപ്പോഴേക്കും റോഡില്‍ കുഴികള്‍ രൂപപ്പെട്ടെന്നാണ് എ എം ആരിഫ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. ക്രമക്കേടുണ്ടെന്ന സംശയമാണ് എ.എം ആരിഫ് കത്തില്‍ ഉന്നയിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആരിഫ് ആവശ്യപ്പെട്ടിരുന്നു.

Similar Posts