17 വർഷത്തിന് ശേഷം അറസ്റ്റ്; കോളിളടക്കം സൃഷ്ടിച്ച രമാദേവി കൊലക്കേസിൽ ഭർത്താവ് പിടിയിൽ
|കൊലപാതകം നടന്ന് 17 വർഷങ്ങൾക്കുശേഷമാണ് ജനാർദനൻ നായരെ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇയാൾതന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു
പത്തനംതിട്ട: കോളിളക്കം സൃഷ്ടിച്ച രമാദേവി കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊലപാതകം നടന്ന് 17 വർഷങ്ങൾക്കുശേഷമാണ് ജനാർദനൻ നായരെ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇയാൾതന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. രമാദേവിയുടെ കയ്യിൽ കണ്ട മുടിയിഴകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2006 മെയ് 26നാണ് കൊലപാതകം നടന്നത്. ഊണ് മുറിയിൽ ദുരൂഹ സാഹചര്യത്തിൽ രമാദേവിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൂത്തുകുടി സ്വദേശിയായ സമീപവാസിയാണ് കൊലപാതകി എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഫലമില്ലാതെ വന്നതോടെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് കോടതി നിർദേശത്തെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രമാദേവിയുടെ കയ്യിൽ നിന്നും കണ്ടെത്തിയ മുടി ഭർത്താവിന്റേതാണെന്ന് കണ്ടെത്തിയത്.
പ്രതി പല തവണ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഭാര്യയിലുണ്ടായിരുന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുറ്റം സമ്മതിച്ച പ്രതിയെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.