'ആർഷോയുടെ ആരോപണം തെറ്റ്': കെഎസ്യു പ്രവർത്തകയുടെ മൂല്യനിർണയം നിയമാവലി പ്രകാരമെന്ന് റിപ്പോർട്ട്
|കൂടുതൽ മാർക്ക് ലഭിച്ചത് മൂല്യനിർണയത്തിലെ അപാകതയായി കാണാൻ ആവില്ലെന്നും റിപ്പോർട്ട്
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ ആരോപണം തെറ്റെന്ന് മഹാരാജാസ് കോളേജ് അന്വേഷണ റിപ്പോർട്ട്. കെഎസ്യു പ്രവർത്തകയുടെ പുനർ മൂല്യനിർണയത്തിൽ കോർഡിനേറ്റർ ഇടപെട്ടെന്ന പരാതിയിൽ കഴമ്പില്ല. നിയമാവലി പ്രകാരം തന്നെയാണ് പുനർ മൂല്യനിർണയം നടന്നിട്ടുള്ളത്. കൂടുതൽ മാർക്ക് ലഭിച്ചത് മൂല്യനിർണയത്തിലെ അപാകതയായി കാണാൻ ആവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആർക്കിയോളജി ഡിപാർട്ട്മെന്റ് കോ-ഓർഡിനേറ്റർ വിനോദ് കുമാറിനെതിരെയാണ് ഗുരുതര ആരോപണവുമായി ആർഷോ രംഗത്തെത്തിയത്. പുനർമൂല്യനിർണയത്തിൽ വിനോദ് കുമാർ മാർക്ക് കൂട്ടിനൽകിയെന്നായിരുന്നു ആരോപണം.
നേരത്തെ 18 മാർക്കാണ് കെഎസ്യു പ്രവർത്തകയ്ക്ക് ലഭിച്ചിരുന്നത്. ഇത് പുനർമൂല്യനിർണയത്തിലൂടെ 30 മാർക്കായെന്നും ഇതിന് വിനോദ് കുമാറിന്റെ ഇടപെടലുണ്ടായെന്നുമായിരുന്നു ആരോപണം. പുനർമൂല്യനിർണയത്തിൽ മാർക്ക് വർധിക്കുന്നത് അസ്വാഭാവികതയായി കാണാനാവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.
അതേസമയം മാർക്ക് ലിസ്റ്റ് വിവാദം ഗൂഢാലോചനയെന്ന ആർഷോയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആർഷോയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്