Kerala
artist couple reveals about the drawing the sketch of accused men in oyoor kidnapping case
Kerala

'ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ അന്വേഷണത്തിൽ നിർണായകമായെന്ന് അറിഞ്ഞതിൽ സന്തോഷം'; പത്മകുമാറിന്റെ ചിത്രം വരച്ച ആർട്ടിസ്റ്റ് ദമ്പതികൾ

Web Desk
|
1 Dec 2023 4:38 PM GMT

പത്മകുമാറിനെ പിടികൂടിയപ്പോഴാണ് അയാളുടെ യഥാർ‍ഥ മുഖവുമായി ഈ രേഖാചിത്രത്തിന്റെ അതിശയിപ്പിക്കുന്ന സാമ്യത ചർച്ചയായത്.

കൊല്ലം: കൊല്ലം ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയായ ചാത്തന്നൂർ സ്വദേശി പത്മകുമാർ ഉൾപ്പെടെയുള്ളവരുടെ രേഖാചിത്രം വരച്ചത് സി-ഡിറ്റിലെ ആർട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ ആർ.ബി ഷജിത്തും ഭാര്യ സ്മിത എം ബാബുവും. പത്മകുമാറിനെ പിടികൂടിയപ്പോഴാണ് അയാളുടെ യഥാർ‍ഥ മുഖവുമായി ഈ രേഖാചിത്രത്തിന്റെ അതിശയിപ്പിക്കുന്ന സാമ്യത ചർച്ചയായത്. ഇതോടെ ഷജിത് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് രേഖാചിത്രത്തിന് പിന്നിലെ കരങ്ങൾ ആരുടേതാണെന്ന് വ്യക്തമായത്.

തങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ അന്വേഷണത്തിൽ നിർണായകമായെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഷജിത് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ രാത്രി 12 മണിയായപ്പോൾ എ.സി.പി പ്രദീപ് സാറിന്റെ ഫോൺ വന്നു. പ്രതികളുടെ രേഖാചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവർ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങൾ വെളുപ്പിന് നാല് മണിയോടെ തയാറാക്കി നൽകി.

പിന്നീട് കുട്ടിയെ കണ്ടെത്തിയ ശേഷം അവളുടെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നൽകി. ഇപ്പോൾ അന്വേഷണത്തിന് നിർണായക കാരണം ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ കൂടി കാരണമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം. കൂടെ ഉറക്കമൊഴിച്ച് നിന്ന പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, വിനോദ് റസ്പോൺസ്, യു.എം ബിന്നി മറ്റ് സുഹൃത്തുക്കൾ എല്ലാവർക്കും നന്ദി- ഷജിത് പോസ്റ്റിൽ പറയുന്നു.

ഷജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്



Similar Posts