മാധ്യമങ്ങളിലൂടെയാണ് കത്തിനെക്കുറിച്ച് അറിയുന്നത്; അഴിമതി തെളിയിക്കാൻ വെല്ലുവിളിച്ച് മേയർ
|അദ്ദേഹം കത്തെഴുതിയത് ഔദ്യോഗിക സ്ഥാനം വെച്ചല്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു
തിരുവനന്തപുരം: വിവാദമായ കത്തിന്റെ ഉറവിടത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. മാധ്യമങ്ങളിലൂടെയാണ് കത്തിന്റെ കാര്യം അറിയുന്നത്. നിയമനങ്ങൾ പെട്ടെന്നാക്കാൻ ആവശ്യപ്പെട്ടാണ് ഡി.ആർ അനിൽ കത്ത് തയ്യാറാക്കിയത്. അദ്ദേഹം കത്തെഴുതിയത് ഔദ്യോഗിക സ്ഥാനം വെച്ചല്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. കത്ത് എഴുതിയതിലെ ശരിതെറ്റുകൾ അറിയില്ല. ആ കത്തിന്റെ കാര്യവും അന്വേഷിക്കട്ടെ. പ്രതിപക്ഷത്തെ അഴിമതി തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും മേയർ പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തിൽ അന്വേഷണത്തിനുത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. മേയർ ആര്യാ രാജേന്ദ്രൻറെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പാർട്ടി നിർദേശപ്രകാരം മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു, തുടർന്നാണ് നടപടി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തയ്യാറാക്കിയ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയോട് മേയർ ആവശ്യപ്പെട്ടത്.
മേയറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നഗരസഭയിൽ നടക്കുന്നത്. കോർപ്പറേഷനുള്ളിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലീമിനെ ബി ജെ പി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. യുഡിഎഫ് കൗൺസിലർമാരും കോർപ്പറേഷനിൽ പ്രതിഷേധിക്കുന്നുണ്ട്. യുഡിഎഫ് കൗൺസിലർമാർ മേയറെ കയ്യേറ്റം ചെയ്‌തെന്നാണ് സിപിഎമ്മിൻറെ ആരോപണം.