നടുറോഡിലെ മേയർ- KSRTC ഡ്രൈവർ തർക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവർക്ക് നിർദേശം
|DTOക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവുമായുളള തർക്കത്തിൽ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവർക്ക് നിർദേശം. DTO ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. മേയർ നൽകിയ പരാതിയിൽ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേ സമയം മേയർക്കെതിരായ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് പൊലീസ് വീശദീകരണം. കൂടുതൽ തെളിവുകൾ പരിശോധിച്ച ശേഷം മാത്രം നടപടിയെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോരുണ്ടായത്. മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും മോശമായി പെരുമാറിയെന്നാണ് തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവർ യദു ആരോപിച്ചത്. മേയറുടെ കാർ ഇടത് വശത്തൂടെ മറികടക്കാൻ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിൻ ദേവ് എം എൽ എ അസഭ്യം പറഞ്ഞു. മേയർ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായും യദു മീഡിയവണിനോട് പറഞ്ഞു.