Kerala
ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ലെന്ന് വ്യക്തമായതോടെ സർക്കാരിന്‍റെ മുന്നിലുള്ളത് നിയമവഴി
Kerala

ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ലെന്ന് വ്യക്തമായതോടെ സർക്കാരിന്‍റെ മുന്നിലുള്ളത് നിയമവഴി

Web Desk
|
10 Nov 2022 12:56 AM GMT

ചാൻസലർ പദവി നഷ്ടപ്പെടുത്തുന്ന നിയമനിർമ്മാണത്തിന് ഗവർണർ കൂട്ടുനിൽക്കില്ലെന്ന് സർക്കാരിന് ഉറപ്പായിരുന്നു

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ലെന്ന് വ്യക്തമായതോടെ സർക്കാരിന്‍റെ മുന്നിലുള്ളത് നിയമവഴി . ഓർഡിനൻസോ ഓർഡിനൻസിന് പകരമുള്ള ബില്ലോ ഗവർണർ രാഷ്ട്രപതിക്ക് അയച്ചാൽ നിയമ പോരാട്ടത്തിന് വഴിതുറക്കും. ഒപ്പം ഗവർണർക്കെതിരെ രാഷ്ട്രീയ പ്രചരണവും ശക്തമാക്കും. മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് ഗവർണർക്ക് മുന്നിൽ എത്തുമ്പോൾ മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് ഹാജരായി വിശദീകരിക്കാനും അദ്ദേഹം ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

ചാൻസലർ പദവി നഷ്ടപ്പെടുത്തുന്ന നിയമനിർമ്മാണത്തിന് ഗവർണർ കൂട്ടുനിൽക്കില്ലെന്ന് സർക്കാരിന് ഉറപ്പായിരുന്നു. പ്രത്യേകിച്ചും ഓർഡിൻസ് രൂപത്തിൽ അത് മുന്നിലെത്തുമ്പോൾ. എന്നാൽ ഗവർണറെ നേരിടാൻ എല്ലാ വഴികളും തേടുന്ന സർക്കാർ ഇതും ഒരു രാഷ്ട്രീയ ആയുധമായാണ് കണ്ടത്. ഒപ്പം നിയമ പോരാട്ടത്തിനുള്ള അവസരമായും. എന്നാൽ രാഷ്ട്രപതിക്ക് അയക്കും എന്ന ഗവർണറുടെ ഈ പ്രസ്താവന സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. സാധാരണഗതിയിൽ ഓർഡിനൻസുകൾ ഗവർണർമാർ രാഷ്ട്രപതിക്ക് അയക്കാറില്ല . അയച്ചാലും പകരം ബില്ലു കൊണ്ടുവരാൻ സർക്കാരിന് നിയമ തടസമില്ല.

പക്ഷെ രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തെ മറികടക്കാൻ ബില്ല് കൊണ്ടുവരുന്നതിലെ ഔചിത്യക്കുറവ് ചോദ്യം ചെയ്യപ്പെടാം. ഓർഡിനൻസ് പരമാവധി പിടിച്ചുവച്ചശേഷം ഗവർണർ തുട നടപടികളിലേക്ക് കടക്കാനാണ് സാധ്യത. ഓർഡിനൻസിൽ വിശദീകരണം നൽകാൻ മന്ത്രിമാരോടേ മുഖ്യമന്ത്രിയോടോ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടേക്കാം. എന്തായാലും ഗവർണർക്ക് എതിരായ നിയമ നിർമ്മാണത്തിൽ നിന്ന് പിന്നോട്ടല്ലെന്നാണ് സർക്കാർ തീരുമാനം.



Similar Posts