Kerala
സർവെ കല്ല് പിഴുതുമാറ്റിയ നിലയിൽ; പ്രതിപക്ഷ നേതാക്കള്‍ ഇന്ന് മാടപ്പള്ളിയിലെത്തും
Kerala

സർവെ കല്ല് പിഴുതുമാറ്റിയ നിലയിൽ; പ്രതിപക്ഷ നേതാക്കള്‍ ഇന്ന് മാടപ്പള്ളിയിലെത്തും

Web Desk
|
18 March 2022 3:33 AM GMT

സർവേ കല്ലിടുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രതിഷേധം ഉണ്ടായിരുന്നു

കോട്ടയത്ത് മാടപ്പള്ളിയിൽ സർവ്വേ കല്ല് പിഴുതു മാറ്റിയ നിലയിൽ. സർവേ കല്ലിടുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കിയാണ് ഉദ്യോഗസ്ഥർ സർവ്വെ കല്ല്സ്ഥാപിച്ചത്. ആരാണ് കല്ല് പിഴുതു കളഞ്ഞെതെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഇത്തരം ആളുകൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലം സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉമ്മൻ ചാണ്ടിയും ഇന്ന് മാടപ്പള്ളിയിലെത്തും

അതേസമയം ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജനകീയ സമര സമിതി നടത്തുന്ന ഹർത്താലിന് യുഡിഎഫ്, ബിജെപി, എസ്‌യുസിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടേയും പിന്തുണയുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് സമര സമിതി അറിയിച്ചു.

മാടപ്പള്ളിയിൽ ഇന്നലെയുണ്ടായത് അസാധാരണ സംഭവങ്ങളാണ്. ഇന്നലെ പത്തരയോടെയായിരുന്നു ആദ്യ നീക്കം. മാടപ്പള്ളിയിലെ പത്താം വാർഡിലേക്ക് എത്തിയ കെ റെയിലിൻറെ വാഹനം സമരക്കാർ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ കെ റെയിൽ ജീവനക്കാർ മടങ്ങി.

എന്നാൽ രണ്ടാമത്തെ ശ്രമം പൊലീസിന്റെ ഒത്താശയോടെയായിരുന്നു. ഒരു മണിയോടെ കല്ലിടാൻ കെ റെയിൽ ജീവനക്കാർ വീണ്ടുമെത്തി. പക്ഷേ ഒറ്റക്കെട്ടായി സമരക്കാരും നാട്ടുകാരും അണിനിരന്നതോടെ പൊലീസ് അറസ്റ്റിലേക്ക് കടന്നു.

കേരള കോൺഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരി, വി ജെ ലാലി എന്നിവർക്കും പൊലീസ് നടപടിയിൽ പരിക്കേറ്റു . ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മാടപ്പള്ളിയിലെ ആദ്യത്തെ കല്ല് കെ റെയിൽ ജീവനക്കാർ സ്ഥാപിക്കാൻ സാധിച്ചത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Similar Posts