Kerala
നാടണയാൻ കൊതിച്ച് മരണത്തിലേക്ക് നടന്നുപോയ ചെറുപ്പക്കാരൻ-  കരളലിയിപ്പിക്കുന്ന അനുഭവം പറഞ്ഞ് അഷ്റഫ് താമരശ്ശേരി
Kerala

നാടണയാൻ കൊതിച്ച് മരണത്തിലേക്ക് നടന്നുപോയ ചെറുപ്പക്കാരൻ- കരളലിയിപ്പിക്കുന്ന അനുഭവം പറഞ്ഞ് അഷ്റഫ് താമരശ്ശേരി

Web Desk
|
21 April 2022 3:35 PM GMT

''ഇന്നലെ അഷ്‌റഫിക്കയുമായി സംസാരിച്ചുകൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ മരിച്ചു. രാത്രി ഏറെ താമസിച്ചാണ് അയാൾ റൂമിലെത്തിയത്. രാവിലെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.''

പ്രവാസലോകത്ത് ജീവിതം ഉരുകിത്തീരുന്ന മനുഷ്യരുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. കുടുംബത്തിന്റെ പട്ടിണിയകറ്റാൻ നാടും വീടുമെല്ലാം ഉപേക്ഷിച്ച് വർഷങ്ങളായി അറബ് ലോകത്തെ മരുഭൂമിയിൽ ഉരുകിജീവിച്ച് ഒടുവിൽ മൃതദേഹങ്ങളും അരജീവനുകളുമായി നാട്ടിലേക്കു മടങ്ങുന്നവരുടെ അത്തരം നിരവധി കഥകൾ പുറംലോകത്തെത്തിച്ചയാളാണ് യു.എ.ഇയിലെ മലയാളി ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി.

ദിവസങ്ങൾക്കുമുൻപ് മരണത്തിനു തൊട്ടുതലേദിവസം നാട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹവുമായി തന്നെ വന്നു കണ്ട യുവാവിന്റെ കഥയാണ് ഇപ്പോൾ അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. കുറിപ്പില്‍നിന്ന്:

ബസാറിൽനിന്ന് കണ്ടുമുട്ടിയ ചെറുപ്പക്കാരന്‍

മൂന്ന് ദിവസം മുൻപ് തറാവീഹ് നമസ്‌കാരം കഴിഞ്ഞ് കുടുംബത്തോടൊപ്പം ബസാറിലേക്കിറങ്ങിയതായിരുന്നു അഷ്‌റഫ് താമരശ്ശേരി. അതിനിടയിലാണ് ഒരു ചെറുപ്പക്കാരൻ സലാം പറഞ്ഞ് അദ്ദേഹത്തിന്റെ അടുത്തെത്തിയത്. ഒറ്റനോട്ടത്തിൽ തന്നെ നന്നേ ക്ഷീണിതനായിരുന്നു അയാൾ.

''വർഷങ്ങളായി നാട്ടിൽ പോയിട്ട്, അഷറഫിക്ക. എന്റെ കൈയിൽനിന്ന് പാസ്‌പോർട്ടും പേപ്പറുമെല്ലാം നഷ്ടപ്പട്ടു. മരിക്കുന്നതിനുമുമ്പ് നാട്ടിലേക്ക് പോകണം.''- അയാൾ പറഞ്ഞു.

''എന്താണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്. മരണം നമ്മുടെ കൈയിലല്ലല്ലോ.. അതൊക്കെ പടച്ചവന്റെ കൈയിലാണല്ലോ..'' അദ്ദേഹം പറഞ്ഞുനോക്കി.

ആസിഫ് എന്നു പേരുള്ള ഒരു തിരുവനന്തപുരം സ്വദേശിയായിരുന്നു ആ യുവാവ്. വർഷങ്ങളായി നാട്ടിൽ പോകാനാകാതെ വിഷമിച്ചു കഴിയുകയാണ് അദ്ദേഹം. അതിനിടയിലാണ് ആകസ്മികമായി അഷ്‌റഫ് താമരശ്ശേരിയെ കാണുന്നത്. തന്റെ വേദനകളെല്ലാം അയാൾ പങ്കുവച്ചു. എല്ലാം ശരിയാകും, വിഷമിക്കേണ്ടെന്നു പറഞ്ഞ് അയാളെ സമാധാനപ്പെടുത്തി അയക്കുകയായിരുന്നു അഷ്‌റഫ് താമരശ്ശേരി. സലാം പറഞ്ഞു തിരിഞ്ഞുനടക്കുമ്പോൾ അയാൾ ഒരു കാര്യംകൂടി പറഞ്ഞു:

''അഷ്‌റഫിക്കാ, നിങ്ങളോട് സംസാരിച്ചപ്പോൾ നാളുകൾക്കുശേഷം എന്റെ മനസ്സിന് സന്തോഷം കിട്ടിയതുപോലെ.''

നൊമ്പരമായി ആ വാക്കുകൾ

പതിവുപോലെ പലരുടെയും മരണവാർത്ത കേട്ടുതന്നെയായിരുന്നു അഷ്‌റഫിൻരെ അടുത്ത ദിവസവും പുലർന്നത്. മൂന്നുപേരുടെ മരണവാർത്തയായിരുന്നു അപ്പോൾ കേട്ടത്. എന്നാൽ, മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തയും അദ്ദേഹത്തിനു കേൾക്കേണ്ടിവന്നു.

ഒരു പരിചയക്കാരനാണ് വിളിച്ചത്. തലേദിവസം താങ്കളുമായി സംസാരിച്ചു വേദനകൾ പങ്കുവച്ച ആസിഫെന്ന ആ ചെറുപ്പക്കാരൻ മരിച്ചിരിക്കുന്നു! രാത്രി ഏറെ താമസിച്ചാണ് അയാൾ റൂമിലെത്തിയതെന്നും സൂഹൃത്ത് പറഞ്ഞു. രാവിലെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.

തലേദിവസം ആസിഫ് പങ്കുവച്ച ആ ആഗ്രഹം കാതുകളിൽ നിറഞ്ഞു: ''മരിക്കുന്നതിനുമുമ്പ് നാട്ടിലേക്ക് പോകാൻ സഹായിക്കുമോ, അഷ്‌റഫിക്കാ?''

ആസിഫിന്റെ ആ വാക്കുകൾ ഒരു നൊമ്പരമായി ബാക്കിയാകുകയാണ്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് തറാവിഹ് നമസ്‌കാരം കഴിഞ്ഞ് കുടുംബവുമായി ബസാറിലേക്ക് പോയിരുന്നു. അവിടെ വെച്ച് ഒരു ചെറുപ്പക്കാരൻ എന്റെയടുത്തേക്ക് വന്ന് സലാം പറഞ്ഞു. ഒറ്റനോട്ടത്തിൽ തന്നെ വളരെ ക്ഷീണിതനായി അയാളെ എനിക്ക് കാണപ്പെട്ടു. വർഷങ്ങളായി നാട്ടിൽ പോയിട്ട് അഷറഫിക്ക, എന്റെ കയ്യിൽനിന്ന് പാസ്‌പോർട്ടും പേപ്പറെല്ലാം നഷ്ടപ്പട്ടു. മരിക്കുന്നതിനുമുമ്പ് നാട്ടിലേക്ക് പോകണം.

എന്താണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്. മരണം നമ്മുടെ കൈയിലല്ലല്ലോ.. അതൊക്കെ പടച്ചവന്റെ കൈയിലാണല്ലോ എന്ന് ഞാൻ മറുപടിയും നൽകി. അയാളുടെ പേര് ആസിഫാണ്, തിരുവനന്തപുരം സ്വദേശിയാണ്. കുറേവർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ച് കഴിയുകയാണ്. അപ്പോഴാണ് എന്നെക്കണ്ട് അയാളുടെ വേദനകൾ പങ്കുവച്ചത്. എല്ലാം ശരിയാകും, വിഷമിക്കേണ്ട എന്നു പറഞ്ഞ് അയാളെ സമാധാനപ്പെടുത്തിയിട്ട് ആസിഫുമായി സലാം പറഞ്ഞു തിരിഞ്ഞുനടക്കുമ്പോൾ, അഷറഫിക്കാ നിങ്ങളോട് സംസാരിച്ചപ്പോൾ നാളുകൾക്കുശേഷം എന്റെ മനസ്സിന് സന്തോഷം കിട്ടിയതുപോലെ. ആ വാക്കുകൾ കാതുകളിൽ വന്നുമുട്ടുന്നതുപോലെ. വീണ്ടും തിരിച്ചുപോയി ആസിഫുമായി കുറച്ചുനേരം കൂടിയിരുന്നാലോ എന്ന് ചിന്തിച്ചുപോയി.

ഇന്നത്തെ കാലത്ത് മനുഷ്യനു വേണ്ടത് അവന്റെ വിഷമങ്ങളും പ്രയാസങ്ങളും കേൾക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന നല്ല സുഹൃത്തിനെയാണ്. അതിന് ആർക്കും സമയമില്ലാതെ പോകുന്നു. മറ്റുചിലർ മറ്റുള്ളവരുടെ വേദനകൾ, ദുഃഖങ്ങൾ മറ്റും സോഷ്യൽ മീഡിയയിലിട്ട് ലൈക്കുകകളുടെ എണ്ണം കൂട്ടാൻ നോക്കുന്നു.

പിറ്റേന്ന് രാവിലെ രണ്ടുമൂന്നുപേർ മരിച്ച വാർത്തയാണ് കേട്ടത്. അതോടപ്പം എന്റെ ഒരു പരിചയക്കാരനും വിളിച്ചു. ഇന്നലെ അഷ്‌റഫിക്കായുമായി സംസാരിച്ചിരുന്നുകൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ ആസിഫ് മരിച്ചു. രാത്രി ഏറെ താമസിച്ചാണ് അയാൾ റൂമിലെത്തിയതെന്നും സൂഹൃത്ത് പറഞ്ഞു. രാവിലെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.

ഇന്നലെ കണ്ടപ്പോൾ മരിക്കുന്നതിനുമുമ്പ് നാട്ടിലേക്ക് പോകാൻ സഹായിക്കുമോ അഷ്‌റിഫിക്കാ എന്ന ആസിഫിന്റെ വാക്കുകൾ ഏന്നെ വല്ലാത്ത നൊമ്പരത്തിലാക്കി.

'നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏത് നാട്ടിൽവെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അത് ദൈവത്തിൽ മാത്രം അറിവുള്ള കാരൃമാണ്. എല്ലാ പേരെയും പടച്ച റബ്ബ് കാക്കട്ടെ. ആമീൻ

അഷ്‌റഫ് താമരശ്ശേരി

Summary: Socal activist Ashraf Thamarassery talks about the heartbreaking experience of a Malayalee expat

Similar Posts