ആശ്രമം തീവെപ്പ്: പൊലീസ് അട്ടിമറിച്ചു, ആർഎസ്എസിനെ സംരക്ഷിക്കാൻ ശ്രമം - സ്വാമി സന്ദീപാനന്ദഗിരി
|സംഭവത്തിനു പിന്നിലെ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ബോധ്യപെട്ട് കാണുമെന്നും സന്ദീപാനന്ദഗിരി
തിരുവനന്തപുരം: ആശ്രമം തീവെപ്പ് കേസ് പൊലീസ് അട്ടിമറിച്ചെന്ന പി.വി അൻവർ എംഎൽഎയുടെ ആരോപണത്തിനു പിന്നാലെ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. ആശ്രമം തീവെപ്പ് കേസ് അട്ടിമറിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചെന്നും ഞാനാണ് കത്തിച്ചതെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ആർഎസ്എസിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും എന്നാൽ ആരൊക്കെയാണ് പിന്നലെന്ന് അറിയില്ലെന്നും പ്രതികളെ ആരൊക്കെയോ സഹായിച്ചു എന്നത് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിനു പിന്നിലെ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ബോധ്യപെട്ട് കാണും. വാഹനത്തിന് ഇതു വരെ ഇൻഷുറൻസ് കിട്ടിയില്ല. ഇത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അട്ടിമറിച്ചതാണ്. ഡിവൈഎസ്പി രാജേഷ് റിട്ടയർ ആയതിനു ശേഷം ബിജെപിയുടെ ബൂത്ത് ഏജൻ്റ് ആയിരുന്നു. കേസ് അട്ടിമറിക്കപ്പെട്ടു എന്നത് സത്യമാണ്. എംഎൽഎ പറയുന്നതു പോലെ തനിക്ക് പറയാൻ കഴിയില്ല. അതിന് പരിമിധികളുണ്ട്. അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരിയെന്നും ഇതിനെതുടർന്ന് അദ്ദേഹത്തിന്റെ ആശ്രമം കത്തിക്കുകയുണ്ടായെന്നും തുടർന്ന് ഈ കേസിലെ പ്രതികളെ രക്ഷപ്പെടാൻ പൊലീസ് നീക്കം നടത്തിയെന്നുമായിരുന്നു പി.വി അൻവറിന്റെ ആരോപണം.
സന്ദീപാനന്ദ ഗിരി തന്നെയാണ് കത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഡിവൈഎസ്പി രാജേഷാണ് ആശ്രമം കത്തിക്കൽ കേസ് വഴി തിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം ബിജെപിയിൽ സജീവമാണെന്നും പി.വി അൻവർ പറഞ്ഞു.
ആശ്രമം കത്തിച്ചത് ആർഎസ്എസ് ആണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിട്ടും അവരുടെ ഫോൺ രേഖകൾ പരിശോധിച്ചില്ല. ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവര്ത്തകന്റെ മരണത്തിന് പിന്നിൽ ആർഎസ്എസ് തന്നെയാണെന്ന സഹോദരന്റെ പരാതിയും പൊലീസ് അവഗണിച്ചു. കേസ് എഴുതിത്തള്ളി. അനിയൻ കൂടി ചേർന്നാണ് സന്ദീപനാന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് സഹോദരൻ വെളിപ്പെടുത്തിയതാണ്.
എന്നാൽ, ആർഎസ്എസിനെതിരെ അന്വേഷിക്കുന്നതിന് പകരം സിപിഎം പ്രവർത്തകരുടെ ഫോൺ സംഭാഷണമാണ് പൊലീസ് പരിശോധിച്ചത്. ആശ്രമത്തിലെ അന്തേവാസികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. ആശ്രമം കത്തിക്കൽ കേസിൽ ഐ.പി ബിനു, കാരായി രാജൻ എന്നിവരെ കുടുക്കാൻ പൊലീസ് ശ്രമിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. പ്രതിയായ പ്രകാശന്റെ ഫോൺ പൊലീസ് പരിശോധിച്ചില്ലെന്നും പി.വി അൻവർ പറഞ്ഞു.