Kerala
Asianet news Office, sfi leaders, surrendered, media,fakenews,
Kerala

ഏഷ്യാനെറ്റ് ഓഫീസ് അതിക്രമം; മൂന്ന് എസ്. എഫ്. ഐ നേതാക്കൾ കീഴടങ്ങി

Web Desk
|
4 March 2023 12:47 PM GMT

ഇന്നലെ വൈകുന്നേരമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിലേക്ക് എസ്. എഫ് .ഐ പ്രവർത്തകർ മാർച്ച് നടത്തിയത്

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമിച്ചെന്ന പരാതിയിൽ മൂന്ന് എസ്.എഫ്. ഐ നേതാക്കള്‍ കീഴടങ്ങി. എസ്. എഫ്. ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, തൃപ്പുണ്ണിത്തുറ ഏരിയ സെക്രട്ടറി ബ്രഹ്മദത്ത് കെ.വി.ദേവ്, ജില്ലാ കമ്മിറ്റിയംഗം ശരത്ത് എന്നിവരാണ് പൊലീസിൽ കീഴടങ്ങിയത്.

ഇന്നലെ വൈകുന്നേരമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിലേക്ക് എസ്. എഫ് .ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. അതിക്രമിച്ചു കയറി ഭീഷണിമുഴക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്.

വ്യാജ വാർത്ത നൽകിയെന്ന പി.വി അൻവർ എം.എൽ.എയുടെ പരാതിയിൽ എഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. പോക്‌സോ, വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയെന്നതാണ് പി.വി അൻവർ എം.എൽ.എ ചാനലിനെതിരെ നൽകിയ പരാതി. ഡി.ജി.പിക്കാണ് എം.എൽ.എ ഇതുസംബന്ധിച്ച പരാതി നൽകിയത്.

പിന്നീട് ചാനലിന്റെ കോഴിക്കോട് സ്റ്റൂഡിയോ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ പരിധിയായ വെള്ളയിൽ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചക്കാണ് പൊലീസ് ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്.

പോക്‌സോയിലെ 19, 21 എന്നീ വകുപ്പുകൾ പ്രകാരവും വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗുഢാലോചന എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നതാണ് പോക്‌സോ കേസിലെ 19, 21 വകുപ്പുകൾ. കൂടാതെ വ്യാജവാർത്തകളുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

Similar Posts