പാലാ കോളേജിലെ കൊലപാതകം ആസൂത്രിതം: പ്രിൻസിപ്പൽ
|ബിവോക് മൂന്നാം വർഷ വിദ്യാർഥികളായ ഇവർ കോഴ്‌സ് കഴിഞ്ഞവരാണെന്നും പരീക്ഷക്കായി എത്തിയപ്പോഴാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം പറഞ്ഞു
പാലായിൽ കോളേജ് വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം ആസൂത്രിതമാണെന്ന് പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോൺ മംഗലത്ത്. സെക്യൂരിറ്റി ജീവനക്കാരൻ വിളിച്ചറിയച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം പാലായിൽ കോളേജ് വിദ്യാർഥിനി വൈക്കം സ്വദേശി നിധിന മോൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികരണം. പ്രതിയായ സഹപാഠി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
11.22 നാണ് താൻ സംഭവം അറിഞ്ഞതെന്നും നേരത്തെ പരീക്ഷയെഴുതി ഇറങ്ങിയ പ്രതി കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിവോക് മൂന്നാം വർഷ വിദ്യാർഥികളായ ഇവർ കോഴ്‌സ് കഴിഞ്ഞവരാണെന്നും പരീക്ഷക്കായി എത്തിയപ്പോഴാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡായതിനാൽ ക്ലാസ് നടക്കാത്തതിനാൽ രണ്ടു വർഷമായി ഇവർ കാമ്പസിലില്ല. ഇവർക്കെതിരെ പ്രത്യേകിച്ച് ഒരു പ്രശ്‌നമുള്ളതായി കോളേജിന് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ലെന്ന് സഹപാഠി പറഞ്ഞു.
പരീക്ഷയെഴുതാനെത്തിയ നിധിന മോളെ കാമ്പസിനകത്തു വച്ച് അഭിഷേക് വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിനായിരുന്നു മുറിവ്. ഭയന്നുപോയ മറ്റു കുട്ടികൾ സമീപത്തേക്ക് അടുത്തില്ല. പിന്നീട് പൊലീസ് എത്തിയാണ് നിധിനയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ബി- വോക് ഫുഡ് ടെക്‌നോളജി മൂന്നാം വർഷ വിദ്യാർഥിയാണ് കൊല്ലപ്പെട്ട നിധിന. സുഹൃത്തുകളെയും അധ്യാപകരെയും ചോദ്യം ചെയ്യും.