ഷാജഹാൻ വധം; പ്രതികളുമായി തെളിവെടുപ്പ് നടത്തി- വടിവാൾ കണ്ടെടുത്തു
|പ്രതികൾ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തതും ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി എന്നിവയുടെ ഫ്ളക്സ് വെക്കുന്നതുമായ തർക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട്: കൊട്ടേക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന മലമ്പുഴ കവയിലാണ് തെളിവെടുപ്പ് നടത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച വടിവാൾ കണ്ടെടുത്തു.
കേസിൽ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. നവീൻ, അനീഷ്, സുജിഷ്, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നവീൻ ഒഴികെയുള്ള മൂന്നുപേരാണ് ഷാജഹാനെ വെട്ടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് നാലുപേർ ഉൾപെടെയുള്ളവർ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. കേസിൽ കൂടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
2019 മുതൽ പ്രതികൾ സിപിഎമ്മുമായി അകൽച്ചയിലാണ്. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതോടെ പ്രതികൾക്ക് ഷാജഹാനോടുള്ള വൈരാഗ്യം വർധിച്ചു. പ്രതികൾ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തതും ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി എന്നിവയുടെ ഫ്ളക്സ് വെക്കുന്നതുമായ തർക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
പല പ്രതികൾക്കും ഷാജഹാനോട് വ്യക്തി വിരോധവും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം 3 പ്രതികൾ ചന്ദ്രനഗറിലെ ബാറിലെത്തി മദ്യക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് പ്രതികൾ ബാറിൽ ഒത്തുകൂടിയതിൻറെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ എസ്.പി നേരത്തെ നിയമിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജുവിൻറെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. നാല് സി.ഐമാരും സംഘത്തിലുണ്ട്. പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നിൽ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയവിരോധമാണ് കൊലയ്ക്കു പിന്നിലെന്നും എഫ്.ഐ.ആറിൽ പറയുന്നു. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ആരോപിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം വ്യാജപ്രചാരണം നടത്തുകയാണെന്നും സി.പി.എം ആരോപിച്ചു.
ഞായറാഴ്ച രാത്രിയാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.