മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം; സാഹസികമായി രക്ഷപ്പെട്ട് മലയാളി കാർ യാത്രികർ
|യുവാക്കളുടെ പരാതി റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും
എറണാകുളം: സേലം- കൊച്ചി ദേശീയപാതയിൽ മലയാളി കാർ യാത്രക്കാർക്ക് നേരെ ആക്രമണം. മധുക്കര സ്റ്റേഷൻ പരിധിയിൽ എൽ ആൻഡ് ടി ബൈപ്പാസിൽ വെച്ചാണ് ആക്രമണമുണ്ടായത്. പട്ടിമറ്റം സ്വദേശികളായ അസ്ലം, സിദ്ദിഖ്, ചാര്‍ലെസ് റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മാരകായുധങ്ങളുമായെത്തിയ ഒരു സംഘം മലയാളികൾ സഞ്ചരിച്ച കാറിന് മുന്നിലായി അവരുടെ ഇന്നോവ നിർത്തി. തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയ സംഘം ആയുധങ്ങൾ ഉപയോഗിച്ച് യുവാക്കൾ സഞ്ചരിച്ച കാറിന്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. മലയാളി ഡ്രൈവറുടെ സമയോജിതമായ നീക്കമാണ് വലിയൊരു അപകടത്തിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെടാൻ കാരണമായത്. ആക്രമണം തുടങ്ങിയ ഉടനെ വാഹനമെടുത്ത് ഇവർ രക്ഷപ്പെട്ടു.
തൊട്ടടുടത്ത ടോൾ ബൂത്തിൽ വാഹനം നിർത്തിയ യുവാക്കൾ അവിടെയുണ്ടായിരുന്ന പൊലീസുകാരോട് സംഭവം പറഞ്ഞു. തുടർന്ന് പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
യുവാക്കളുടെ പരാതി റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റൂറൽ എസ്പി വൈഭവ് സക്സേന നിർദേശം നൽകി. പരാതി നൽകാനെത്തിയപ്പോൾ കുന്നത്ത്നാട് പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് യുവാക്കാൾ മീഡിയവണിനോട് പറഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പോലും പരിശോധിക്കാൻ തയ്യാറായില്ലെന്നാണ് യുവാക്കളുടെ പരാതി.