Kerala
നിയമസഭ കയ്യാങ്കളി കേസ്; പ്രതികളുടെ വിടുതൽ ഹർജി തള്ളി, നവംബർ 22 ന് ഹാജരാകണം
Kerala

നിയമസഭ കയ്യാങ്കളി കേസ്; പ്രതികളുടെ വിടുതൽ ഹർജി തള്ളി, നവംബർ 22 ന് ഹാജരാകണം

Web Desk
|
13 Oct 2021 7:06 AM GMT

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹരജിയാണ് കോടതി തള്ളിയത്

നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കം ആറു പ്രതികളുടെയും വിടുതൽ ഹരജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് ഉത്തരവ്. നവംബർ 22നു പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും.

നിയമസഭ കയ്യാങ്കളി കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. നവംബർ 22 ന് പ്രതികൾ ഹാജരാകണമെന്നും തിരുവനന്തപുരം സി ജെ എം കോടതി ഉത്തരവിട്ടു. അന്നു തന്നെ പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള സർക്കാർ ഹർജി തള്ളിയ സുപ്രീം കോടതി പ്രതികൾ എല്ലാവരും വിചാരണ നേരിടണമെന്ന് നേരത്തെ നിരീക്ഷിച്ചിരുന്നു. കെട്ടിച്ചമച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും വാച്ച് ആൻഡ് വാർഡൻമാരെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പ്രതികൾ കോടതിയിൽ വാദിച്ചിരുന്നത്.

എന്നാൽ പ്രഥമദൃഷ്ട്യാ പ്രതികൾ കുറ്റം ചെയ്തിട്ടുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് വിടുതൽ ഹർജികൾ കോടതി തള്ളിയത്. ബാർ കോഴക്കേസിൽ ആരോപണം നേരിടവേ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് നിയമസഭയിൽ കയ്യാങ്കളി നടന്നത്.

സ്പീക്കറുടെ ഡയസ് അടിച്ചു തകർത്തും കമ്പ്യൂട്ടറുകൾ അടക്കം നശിപ്പിച്ചും പ്രതികൾ നിയമസഭയിൽ രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് കേസ്.


Similar Posts