നിയമസഭാ തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളും പ്രചാരണച്ചൂടില്‍, റാലികളിൽ സജീവമായി മുതിര്‍ന്ന നേതാക്കള്‍
|ഛത്തീസ്ഗഡിലും മധ്യപ്രദേശിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിക്കുന്നു. തെരഞ്ഞെടുപ്പ് റാലികളിൽ സജീവമായി കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും മുതിർന്ന നേതാക്കൾ. ഛത്തീസ്ഗഡിലും മധ്യപ്രദേശിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
നവംബർ 7ന് മിസോറാമിലും ഛത്തീസ്ഗഡിലുമാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെടെയുള്ള പാർട്ടികൾ പ്രചാരണം ശക്തമാക്കി കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ രാജസ്ഥാനിൽ മാത്രമാണ് കോൺഗ്രസിനും ബി.ജെ.പിക്കും ആശങ്ക തുടരുന്നത്. ബി.ജെ.പി രാജസ്ഥാനിൽ 76ഉം കോൺഗ്രസ് നൂറ്റിയഞ്ച് സീറ്റുകളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഉണ്ട്.അതേ സമയം മധ്യപ്രദേശിലെയും ഛത്തീസ്ഗഡ് രണ്ടാംഘട്ടത്തിലെയും നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഭരണം നിലനിര്‍ത്താനുള്ള അഭിമാന പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ.പി നന്ദ എന്നിവരെ രംഗത്തിറക്കി കൊണ്ടുള്ള പ്രചാരണമാണ് ബി.ജെ.പി മധ്യപ്രദേശിൽ ആസൂത്രണം ചെയ്യുന്നത്.
അതേസമയം സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയം ഉയർത്തി ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ.നവംബര്‍ 17 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.