സർവകലാശാല ഭേദഗതി ബിൽ നിയമസഭ പാസാക്കി; ഗവർണറുടെ ഒപ്പ് കടമ്പ
|കമ്യൂണിസ്റ്റ്വല്‍ക്കരണം ലക്ഷ്യമിട്ടാണ് ഭേദഗതി ബില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
തിരുവനന്തപുരം: ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ നിയമസഭ പാസാക്കി. യൂണിവേഴ്സിറ്റികളിലെ വി.സി നിയമനത്തിൽ ചാന്‍സലറുടെ അധികാരം കുറച്ച് സര്‍ക്കാരിന് മേല്‍ക്കൈ ലഭിക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. സർക്കാരിന്റെ പാവകളെ വി.സിമാരായി നിയമിക്കാനാണ് നീക്കമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ബില്ലിന്മേൽ നിയമസഭയില്‍ വലിയ വാഗ്വാദങ്ങളാണ് നടന്നത്. ആര്.എസ്.എസ്വല്‍ക്കരണം തടയാനും ജനാധിപത്യം ഉറപ്പിക്കാനുമാണ് ഭേദഗതിയെന്ന് ഭരണപക്ഷം വാദിച്ചു. ജനാധിപത്യവല്‍ക്കരണത്തിനും അക്കാദമിക് താല്പര്യങ്ങള് ഉറപ്പാക്കാനുമാണ് ഭേദഗതി ബില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പറഞ്ഞു. എന്നാല്‍ കമ്യൂണിസ്റ്റ്വല്‍ക്കരണം ലക്ഷ്യമിട്ടാണ് ഭേദഗതി ബില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
നിയമതടസം ഒഴിവാക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പകരം പ്രതിനിധിയെ ഉള്‍പ്പെടുത്തിയ ഭേദഗതിക്കാണ് സഭ അംഗീകാരം നല്‍കിയത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാവില്ല. പകരം വൈസ് ചെയര്മാന് നിര്‍ദേശിക്കുന്ന ആളെ അംഗമാക്കുന്ന രീതിയിലാണ് ഭേദഗതി. നിലവിൽ കൺവീനർ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം. ഗവര്‍ണര്‍ നേരത്തെ ഉയര്‍ത്തിയ പരസ്യ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇക്കാര്യത്തില്‍ മാറ്റം വരുത്തിയത്.
എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന പാവകളെ വി.സിമാരാക്കാനാണ് ശ്രമമെന്നും ഇത് അപമാനകരമാണെന്നും പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ വൈസ് ചാന്‍സലര്‍മാരെ സംഘ്പരിവാറിന് വേണ്ടി സൃഷ്ടിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മാറ്റുന്നു. ഇവിടെ കമ്യൂണിസ്റ്റ്വല്‍ക്കരണമാണ് നടപ്പാക്കാന്‍ ശ്രമമെന്ന് ആബിദ് ഹുസൈന് തങ്ങളും ടി.വി ഇബ്രാഹിമും ആരോപിച്ചു.
സര്‍ക്കാരിന്റെ നീക്കം അപമാനകരമാണെന്ന് ആക്ഷേപിച്ച പ്രതിപക്ഷം, യോജിക്കാനാവില്ലെന്നും വ്യക്തമാക്കി ബില്‍ പാസാക്കുന്ന സമയം സഭയില്‍ നിന്ന് വാക്കൗട്ട് നടത്തുകയായിരുന്നു. അതേസമയം, ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുക എന്ന കടമ്പയാണ് സർക്കാരിന് മുന്നിലുള്ളത്. സ്വജനപക്ഷപാതത്തിന് അനുവദിക്കുന്ന ഒന്നിനും താൻ വഴങ്ങില്ല എന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗവർണറുടെ നിലപാട് നിർണായകമാണ്.
അതേസമയം, ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. ബില്ലിൽ ഒപ്പിടുക എന്നത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനാപരമായും നിയമപരവുമായാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞിരുന്നു.
ഭരണഘടനപരമായി പ്രവർത്തിക്കാത്തതു കൊണ്ടാണ് ഗവര്‍ണറെ വിമർശിക്കുന്നത്. സർവകലാശാല ഭരണങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാവശ്യമായി ഇടപെടുകയാണെന്നും തിരുത്താനല്ല, പ്രചരണാത്മകമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു.