നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം
|നാളെ അടിയന്തര പ്രമേയം അടക്കമുള്ള മറ്റു നടപടികൾ ഉണ്ടാകില്ല
തിരുവനന്തപുരം: വിവാദ പെരുമഴയ്ക്കിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ചു സഭ നാളെ പിരിയും. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന സഭാ സമ്മേളനത്തിൽ സർക്കാരിനെതിരെ ഉപയോഗിക്കാൻ പ്രതിപക്ഷത്തിന്റെ കയ്യിൽ ആയുധങ്ങൾ നിരവധിയാണ്.
'ദ ഹിന്ദു' ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം, അഭിമുഖത്തിന് പിആർ ഏജൻസിയുടെ സഹായം തേടിയത്, പി.വി അൻവർ എഎൽഎ ഉയർത്തിയ വിവാദങ്ങൾ, സംഘപരിവാർ നേതാക്കളെ എഡിജിപി എം.ആർ അജിത്കുമാർ കണ്ടത്, പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട്, തുടങ്ങി സർക്കാരിന് ഉത്തരം പറയേണ്ട വിഷയങ്ങൾ അനവധി നിരവധിയാണ്. സഭ നടക്കുന്ന 9 ദിവസത്തേക്കും സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള വിഷയങ്ങൾ പ്രതിപക്ഷത്തിന്റെ കയ്യിൽ ഇതിനോടകം തന്നെ ഉണ്ട്.
നാളെ അടിയന്തര പ്രമേയം അടക്കമുള്ള മറ്റു നടപടികൾ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ആയിരിക്കും പ്രതിപക്ഷത്തിന്റെ ആദ്യത്തെ ആയുധം. പി ആർ ഏജൻസിയാണ് അഭിമുഖത്തിന് സമീപിച്ചതെന്ന ഹിന്ദു പത്രത്തിൻറെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ മറുപടി സഭയിൽ ഉണ്ടാകും. പി.വി അൻവർ ഉന്നയിച്ച സ്വർണക്കടത്ത്, പി ശശി അടക്കമുള്ളവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ സഭയിൽ വരും.
എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതാണ് മറ്റൊരു പ്രധാനപ്പെട്ട വിഷയം. വിഷയത്തിൽ കാര്യമായ പ്രതികരണങ്ങളിലേക്ക് കടക്കാതിരുന്ന മുഖ്യമന്ത്രി സഭയിൽ എന്ത് വിശദീകരിക്കുമെന്ന് പ്രതിപക്ഷം ഉറ്റ് നോക്കുന്നുണ്ട്. പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ടാണ് മറ്റൊരു പ്രധാനപ്പെട്ട വിഷയം. പൂരം കലക്കി തൃശ്ശൂരിൽ ബിജെപിയെ വിജയിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഗൂഢാലോചന ആണെന്നാണ് പ്രതിപക്ഷ ആരോപണം. ഓർഡിനസിന് പകരമുള്ള ബില്ലുകൾ സഭ പാസാക്കും.