നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം ; നിയമനിര്‍മാണം പ്രധാന അജണ്ട
|ഈ സമ്മേളന കാലയളവില്‍ കേരളപിറവി ദിനത്തില്‍ സഭയിലെ മുഴുവന്‍ നടപടികളും കടലാസ് രഹിതമായി മാറും
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം. 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്‍റെ പ്രധാന അജണ്ട നിയമനിര്‍മാണമാണ്. 24 ദിവസമാണ് സഭ ചേരുക.
നാളെ ആരംഭിക്കുന്ന സഭാ സമ്മേളനം നവംബര്‍ 12ന് സമാപിക്കും. 19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം അനൗദ്യോഗിക കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കുമാണ് മാറ്റിവെച്ചിരിക്കുന്നത്. 45 ഓര്‍ഡിനന്‍സുകള്‍ നിയമമാകാനുണ്ട്. നിയമനിര്‍മാണത്തിന് വേണ്ടത്ര സമയം കിട്ടുന്നില്ലെന്ന പരാതികള്‍ കൂടി പരിഗണിച്ചാണ് നിയമനിര്‍മാണം പ്രധാന അജണ്ടയായി സമ്മേളനം ചേരുന്നത്.
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമ നിധി ബില്‍, കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്‍, കേരള ചരക്ക് സേവന ഭേദഗതി ബില്‍ തുടങ്ങിയ ബില്ലുകളാണ് സഭ പരിഗണിക്കുക. ഈ സമ്മേളന കാലയളവില്‍ കേരളപിറവി ദിനത്തില്‍ സഭയിലെ മുഴുവന്‍ നടപടികളും കടലാസ് രഹിതമായി മാറും.
സഭാ സമ്മേളനത്തില്‍ മോണ്‍സന്‍ മാവുങ്കലും ലോക്നാഥ് ബഹ്റയുമായി ബന്ധപ്പെട്ടു പുറത്ത് വന്ന കാര്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തും. കെപിസിസി അധ്യക്ഷനും മോന്‍സനും തമ്മിലുള്ള ബന്ധം ഉയര്‍ത്തികാട്ടിയാവും ഭരണപക്ഷത്തിന്‍റെ പ്രതിരോധം.
പിങ്ക് പോലീസ് വിചാരണമുതല്‍ പോലീസിന്‍റെ വീഴ്ചകളും പ്രതിപക്ഷത്തിന് സമ്മേളന കാലയളവില്‍ ആയുധങ്ങളാവും. കോവിഡ് പ്രതിരോധവും, മരണപ്പെട്ടവരുടെ നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളും സമ്മേളനത്തില്‍ പ്രതിപക്ഷം ഉയര്‍ത്തും.