അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മരണം: അന്വേഷണം ഇഴയുന്നുവെന്ന് കുടുംബം
|സഹപ്രവർത്തകൻ പരിഹസിച്ചിരുന്നുവെന്ന് വ്യക്തമാകുന്ന അനീഷ്യയുടെ മറ്റൊരു ശബ്ദസന്ദേശം കൂടി പുറത്തുവന്നു
കൊല്ലം: പരവൂരിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യാ കേസിൽ അന്വേഷണം ഇഴയുന്നുവെന്ന് കുടുംബം. ആത്മഹത്യ ചെയ്ത് 11 ദിവസമായിട്ടും ആരോപണ വിധേയരെ ചോദ്യം ചെയ്തിട്ടില്ല.
സഹപ്രവർത്തകനായ എ.പി.പി പരിഹസിച്ചിരുന്നുവെന്ന് വ്യക്തമാകുന്ന അനീഷ്യയുടെ മറ്റൊരു ശബ്ദ സന്ദേശം കൂടി പുറത്തുവന്നു. അർദ്ധരാത്രി കിളിക്കൊല്ലൂർ സ്റ്റേഷനിലെ ഒരു കേസിൽ അനാരോഗ്യം കാരണം ഹാജരാകാൻ വിസമ്മതിച്ചപ്പോൾ ജൂനിയറായ എ.പി.പി അനീഷ്യയെ പരിഹസിച്ചെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശമാണിത്.
അനീഷ്യയുടെ വാട്സ് ആപ്പ് ഓഡിയോ സന്ദേശങ്ങളിലും ഡയറിക്കുറിപ്പിലും ആരോപണങ്ങൾ ഏറെ ഉണ്ടെങ്കിലും ആത്മഹത്യയ്ക്ക് കാരണമായ തെളിവിലേക്ക് എത്തിയിട്ടില്ലെന്ന് അന്വേഷണം ഏറ്റെടുത്ത സിറ്റി ക്രൈംബ്രാഞ്ച് പറയുന്നത്. എന്നാൽ, അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തി ഇല്ലെന്ന് അനീഷ്യയുടെ പിതാവ് വ്യക്തമാക്കി.
ആരോപണ വിധേയരെ അന്വേഷണത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്യണമെന്ന ബാർ അസോസിയേഷൻ്റെ ആവശ്യം നടപ്പായിട്ടില്ല. അനീഷ്യയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴിയെടുത്തിട്ടുണ്ട്.
പരവൂർ മജിസ്ട്രേറ്റിൻ്റെ മൊഴിയെടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകി. ശാസ്ത്രീയ തെളിവുകൾ കിട്ടിയിട്ട് മതി ആരോപണ വിധേയരിലേക്കുള്ള അന്വേഷണമെന്നാണ് നിഗമനം.