അനീഷ്യയുടെ മരണം; പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കുടുംബം
|കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനീഷയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കൊല്ലം: കൊല്ലം പരവൂരിൽ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്‌തതിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവുമായി കുടുംബം. കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനീഷയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു.
പരവൂർ കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തിട്ട് 50 ദിവസം പിന്നിട്ടു. കേസിന്‍റെ അന്വേഷണം മാത്രം എങ്ങും എത്തിയില്ല എന്നതാണ് കുടുംബത്തിന്‍റെ ആരോപണം. കേസിന്‍റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയ വിവരം ഇതുവരെയും കുടുംബത്തെ അറിയിച്ചിട്ടില്ല. കൊല്ലം ബാർ അസോസിയേഷൻ നൽകിയ കത്തിനുള്ള മറുപടിയിൽ ആണ് ഇക്കാര്യം പുറത്ത് അറിയുന്നത്. ആരോപണ വിധേയരായ ഡിഡിപി അബ്ദുൽ ജലീൽ എപിപി ശ്യാം കൃഷ്ണ എന്നിവരെ സസ്പെൻഡ് ചെയ്തതല്ലാതെ അന്വേഷണസംഘം ഇതുവരെയും ചോദ്യം ചെയ്തില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് പറയുന്ന കുടുംബം സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയോഗിച്ച അന്വേഷണത്തിനു എതിരെയും കുടുംബം രംഗത്ത് വന്നു. ഇതുവരെ കുടുംബത്തിന്‍റെ മൊഴിയെടുത്തിട്ടില്ലെന്ന് അമ്മ പറഞ്ഞു. പ്രതികളുടെ സ്വാധീനം മൂലമാണ് അന്വേഷണം ഇഴയുന്നത്. ഇത്തരത്തിലാണ് അന്വേഷണം എങ്കിൽ തങ്ങൾക്ക് നീതു കിട്ടുമോ എന്നുള്ള ആശങ്കയും കുടുംബം പങ്കുവയ്ക്കുന്നു.