ഒടുവിൽ 'ദശരഥ പുത്രൻ രാമ'നെ കണ്ടെത്തി; ആള്‍മാറാട്ടത്തിന് കേസുമെടുത്തു
|ഇനിയെങ്കിലും തങ്ങൾക്കുണ്ടായ ചീത്തപ്പേര് കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഉദ്യോഗസ്ഥർ
വാഹന പരിശോധനയ്ക്കിടെ തെറ്റായ വിലാസം നൽകി പൊലീസിനെ കബളിപ്പിച്ച ശേഷം നവ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി നന്ദകുമാറിനെതിരെ ആൾമാറാട്ടം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ചടയമംഗലം പൊലീസ് കേസെടുത്തത്. തന്‍റെ പേര് രാമനെന്നും അച്ഛന്‍റെ പേര് ദശരഥനെന്നും ആണ് നന്ദകുമാർ പൊലീസിനോട് പറഞ്ഞത് .
ഒടുവിൽ ദശരഥ പുത്രൻ രാമനെ കണ്ടെത്തി. പക്ഷേ സ്ഥലം അയോധ്യയല്ല. ആൾ രാമനുമല്ല. കാട്ടാക്കടയ്ക്കടുത്തുള്ള മൈലാടിക്കാരൻ നന്ദകുമാറാണ് കക്ഷി.
ഈ മാസം 12നാണ് നന്ദകുമാർ സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തതിന് പൊലീസിന്‍റെ പിടിയിലായത്. 500 രൂപ പിഴയിട്ട പൊലീസിനാണ് നന്ദകുമാർ തെറ്റായ മേൽവിലാസം നൽകിയത്. വിലാസം തെറ്റാണെന്ന് മനസിലായിട്ടും ഉദ്യോഗസ്ഥന്‍റെ മറുപടി ഇതായിരുന്നു- വിലാസം ഏതായാലും കുഴപ്പം ഇല്ല. സർക്കാരിന് പൈസ കിട്ടിയാൽ മതി.
പൊലീസിനെ ട്രോളുന്ന ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ശേഷമാണ് പൊലീസ് നിയമ നടപടികൾ ആരംഭിച്ചത്. വണ്ടി നമ്പർ വെച്ച് ഉടമയെ കണ്ടെത്തി. ഐ.പി.സി. 419, കേരള പൊലീസ് ആക്ട് 121, മോട്ടോർ വാഹന നിയമത്തിലെ 179 വകുപ്പുകൾ നന്ദകുമാറിന് മേൽചുമത്തി. ഉടൻ തന്നെ ഇയാളുടെ അറസ്റ്റുണ്ടാകുമെന്ന് ചടയമംഗലം പൊലീസ് പറഞ്ഞു. നന്ദകുമാർ അറസ്റ്റിലാകുന്നതോടെ തങ്ങൾക്കുണ്ടായ ചീത്തപ്പേര് അൽപ്പമെങ്കിലും കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഉദ്യോഗസ്ഥർ.